ഫഡ്‌നാവിസിന്റെ രാജിയിലേക്ക് സൂചന നല്‍കി മോദിയുടെയും ഷായുടെയും നിര്‍ണായക സന്ദേശം?; രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ
national news
ഫഡ്‌നാവിസിന്റെ രാജിയിലേക്ക് സൂചന നല്‍കി മോദിയുടെയും ഷായുടെയും നിര്‍ണായക സന്ദേശം?; രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2019, 3:15 pm

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് കനത്ത പ്രഹരമേല്‍പിച്ച് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിന് പിന്നാലെ പുതിയ നീക്കങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. അജിത് പവാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും രാജിക്കൊരുങ്ങുകയാണെന്നാണ് സൂചന.

മഹാരാഷ്ട്രയില്‍ നാളെ വൈകീട്ട് അഞ്ചുമണിക്ക് മുമ്പാകെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി വിധി പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്ത്ര മന്ത്രി അമിത് ഷായും അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു.

സുപ്രീംകോടതി വിധിക്ക് ശേഷം എന്താണ് മഹാരാഷ്ട്രയില്‍ ചെയ്യേണ്ടതെന്ന കാര്യമാണ് ഇരു നേതാക്കളും ചര്‍ച്ച ചെയ്തത്. നാളെ ഫഡ്‌നാവിസിന് ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്ന ആശങ്ക ഇവര്‍ക്കുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയുടെയും ഷായുടെയും ഒരു സന്ദേശം ഫഡ്‌നാവിസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ സന്ദേശത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഈ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ഫഡ്‌നാവിസ് വാര്‍ത്താ സമ്മേളനത്തിലേക്ക് നീങ്ങുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഫഡ്‌നാവിസ് രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ എന്‍.ഡി.എയ്ക്കു നിലവില്‍ ഭൂരിപക്ഷമില്ലെന്നു വെളിപ്പെടുത്തി കേന്ദ്രമന്ത്രി രാംദാസ് അത്താവ്ലെയും രംഗത്തെത്തിയിരുന്നു. എന്നാല്‍ നാളെ വിശ്വാസ വോട്ടെടുപ്പിനു മുന്നോടിയായി അതു നേടുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ