| Sunday, 13th January 2019, 11:01 pm

രാജ്യസഭയിലെ പൗരത്വ ബില്ലിന്റെ ഭാവി അറിഞ്ഞശേഷം ബി.ജെ.പിയുമായുള്ള സഖ്യം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കും; എന്‍.പി.പി നേതാവ് ജോയ്കുമാര്‍ സിങ്ങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: രാജ്യസഭയില്‍ പൗരത്വ ബില്‍ അംഗീകരിക്കുമോ ഇല്ലയോ എന്നറിഞ്ഞ ശേഷം ബി.ജെ.പിയുമായുള്ള സഖ്യം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് ബി.ജെ.പി സഖ്യകക്ഷി നാഷണല്‍ പീപിള്‍ പാര്‍ട്ടി നേതാവും മണിപ്പൂര്‍ ഉപ മുഖ്യമന്ത്രിയുമായ വൈ. ജോയ്കുമാര്‍.

ബി.ജെ.പി പൗരത്വ ബില്‍ ലോക്‌സഭയില്‍ ഉന്നയിച്ചതിനു പിന്നാലെ അസം ഗണ പരിഷത് ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പിയുമായുള്ള നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സില്‍ നിന്നും എന്‍.പി.പിയും പിന്മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Also Read സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് അച്ഛന്‍ മാപ്പു പറയണം; കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാനെതിരെ പ്രതിഷേധവുമായി മകള്‍ ആശാ പാസ്വാന്‍

“പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ ഇനിയും പാസ്സാകാനിരിക്കുന്നതേയുള്ളു. അതിന്റെ ഭാവി ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. ഇതിന്റെ ഫലം എങ്ങനെയായിരിക്കും എന്നറിഞ്ഞതിനു ശേഷം സഖ്യത്തെക്കുറിച്ച് ഉചിതമായ തീരുമാനമെടുക്കും”- ജോയ്കുമാര്‍ പറഞ്ഞു.

ബില്ലിനെ “ദൗര്‍ഭാഗ്യകരം” എന്നായിരുന്നു മേഘാലയ മുഖ്യമന്ത്രിയും എന്‍.പി.പി പ്രസിഡന്റുമായ കൊന്രാദ് സന്ഗമ വിശേഷിപ്പിച്ചത്. പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സഖ്യത്തിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കും എന്നായിരുന്നു അദ്ദേഹം നേരത്തെ പറഞ്ഞത്.

നേരത്തെ പൗരത്വ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ അസം വക്താവായ മെഹ്ദി ആലം ബോറ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ തര്‍ക്കത്തെത്തുടര്‍ന്ന് ചര്‍ച്ച താത്കാലികമായി നിര്‍ത്തി വെക്കുകയായിരുന്നു. ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജയിന്‍, ക്രിസ്ത്യന്‍ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാരില്‍ ഇന്ത്യയില്‍ നിശ്ചിതകാലം താമസിക്കുന്നവര്‍ക്ക പൗരത്വം നല്‍കുമെന്നാണ് വ്യവസ്ഥ. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആണ് ബില്‍ അവതരിപ്പിച്ചത്.

We use cookies to give you the best possible experience. Learn more