കണ്ണൂര്‍: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്നത് രണ്ടു ദിവസത്തിനകം അറിയാമെന്ന് സി.പി.ഐ.എം പി.ബി അംഗം പിണറായി വിജയന്‍. കൃത്യമായി ഇപ്പോള്‍ പറയാനാകില്ല. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാഹചര്യമൊരുക്കിയത് കോണ്‍ഗ്രസാണെന്നും ബി.ജെ.പിക്ക് കോണ്‍ഗ്രസ് മാന്യത നേടിക്കൊടുത്തുവെന്നും പിണറായി പറഞ്ഞു.
അതേ സമയം മന്ത്രിമാരെയടക്കം നിശ്ചയിക്കുന്നതിനായി സി.പി.ഐ.എം നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതില്‍ വി.എസ് താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചയാകും. നേരത്തെ വി.എസിന്റെയും പിണറായിയുടെയും സ്ഥാനാര്‍ത്ഥിത്വം പ്രശ്‌നങ്ങളില്ലാതെ പരിഹരിക്കാന്‍ സി.പി.ഐ.എം നേതൃത്വത്തിന് സാധിച്ചിരുന്നു.
രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ശേഷം സംസ്ഥാന സമിതിയും ചേരും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം പ്രകാശ് കാരാട്ടും സംബന്ധിക്കും. മുന്നണി വികസിപ്പിക്കുമെന്ന് സി.പി.ഐ.എം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ബി അടക്കമുള്ള കക്ഷികളെ ഉള്‍പ്പെടുത്തിയായിരിക്കും മന്ത്രിസഭാ രൂപീകരണം.