| Wednesday, 7th October 2020, 8:12 am

"സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരെ 'കൊവിഡ് വ്യാപന'ത്തിന് മുന്നിട്ടിറങ്ങിയ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ നേരിട്ടപോലെ നേരിടും"; യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരെ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവരെ നേരിട്ടപോലെ കൈകാര്യം ചെയ്യുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘കൊവിഡ് വ്യാപന’ത്തിനു ശ്രമിച്ച തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെയും സര്‍ക്കാര്‍ എങ്ങനെയാണ് കൈകാര്യം ചെയ്‌തെന്ന കാര്യം ആരും മറക്കരുതെന്നും യോഗി  പറഞ്ഞു.

പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അക്രമത്തിന് ശ്രമിച്ചവരെയും ‘കൊവിഡ് വ്യാപന’ത്തിന് ശ്രമിച്ച തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ സംരക്ഷിച്ചവരെയും എങ്ങനെയാണ് നേരിട്ടതെന്ന കാര്യം ആരും മറക്കരുത്. അവരെ തുറന്നുകാട്ടുക മാത്രമായിരുന്നില്ല. അത്തരം സംഘങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്തു- യോഗി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ എല്ലാവര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആരെയും പ്രീതിപ്പെടുത്താനില്ലെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയെന്നല്ലാതെ പ്രതിപക്ഷത്തിന് വേറെ പണികളൊന്നുമില്ല. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് അവരുടെ ശ്രമമെന്നും യോഗി പറഞ്ഞു.

ഒരു വശത്ത്, ബി.ജെ.പി പ്രവര്‍ത്തകരും കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും സര്‍ക്കാരിനൊപ്പം നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. എന്നാല്‍ വികസനം ഇഷ്ടപ്പെടാത്ത ചിലര്‍ അതിന് തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താനും സമൂഹത്തില്‍ ജാതി-വര്‍ഗീയ ശത്രുത വളര്‍ത്തിയെടുക്കാനുമുള്ള ശ്രമത്തിലാണ് അവര്‍- യോഗി പറഞ്ഞു.

ഒരു പ്രത്യേക ജാതിയ്ക്കോ മതത്തിനോ വേണ്ടിയല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്നും എല്ലാവരുടെയും സുരക്ഷയും വികസനവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 24 കോടി ജനങ്ങളുടെ സന്തോഷം ഉറപ്പാക്കുമെന്നത് തന്റെ സര്‍ക്കാറിന്റെ പ്രതിജ്ഞയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

യു.പിയിലെ ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 30 ന് ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

ഹാത്രാസ് സംഭവത്തിന് ശേഷം യു.പി സര്‍ക്കാരിനെതിരെ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. വിഷയത്തില്‍ കൃത്യമായ നടപടിയെടുക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയേയും യു.പി പൊലീസ് കൈകാര്യം ചെയ്ത നടപടിയും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ കുടുംബത്തെ കാണാതെ പിന്‍മാറില്ലെന്ന നിലപാടിലേക്ക് രാഹുല്‍ എത്തിയതോടെ അദ്ദേഹത്തെയും സംഘത്തെയും പൊലീസ് കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കുകയായിരുന്നു.

ഇതിനു പിന്നാലെ ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദും ഹാത്രാസ് സന്ദര്‍ശിച്ചിരുന്നു. കുടുംബത്തിന് പ്രതികളായ സവര്‍ണ വിഭാഗക്കാരുടെ ഭാഗത്ത് നിന്ന് കനത്ത ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ അവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞിരുന്നു. അല്ലാത്ത പക്ഷം അവരെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഇടതുപക്ഷ നേതാക്കളും ഹാത്രാസിലെത്തി പെണ്‍കുട്ടിയുടെ കുടുംബത്തോട് സംസാരിച്ചിരുന്നു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ എന്നിവരാണ് ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ സന്ദര്‍ശിച്ചത്.

ഹാത്രാസ് കേസുമായി രാജ്യത്തെങ്ങും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ യു.പിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയും ഏറെ വിവാദമായിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളെ കടത്തി വിടുന്നത് വിലക്കിയിരുന്നു. പിന്നീട് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് സംഭവസ്ഥലത്തേക്ക് കടത്തി വിടാനാരംഭിച്ചത്.

കഴിഞ്ഞദിവസം ഹാത്രാസില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയ മാധ്യമപ്രവര്‍ത്തകനും കെ.യു.ഡബ്ല്യു.ജെ ദല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധമുയരുകയാണ്. ഹാത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദീഖിനെ യു.പി പൊലീസ് അറസ്റ്റു ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും സിദ്ദീഖിനെ അറസ്റ്റു ചെയ്യുകയും ലാപ്ടോപ്പ് അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തു.

അതേസമയം ഹാത്രാസ് കേസില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. കേസിലെ സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് യു.പി സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് അഭിഭാഷകനുണ്ടോയെന്ന കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ഒരാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അന്വേഷണത്തിന് കോടതി നിയോഗിക്കുന്ന സംഘം തന്നെ വേണമെന്ന് ഹരജിക്കാരുടെ അഭിഭാഷക ചൂണ്ടിക്കാട്ടിയിരുന്നു. കേസിനെ സംബന്ധിച്ച് കോടതി മേല്‍നോട്ടത്തില്‍ ഉള്ള അന്വേഷണത്തിന് ഉത്തരവിടണമെന്ന് യു.പി സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Yogi Aditya Nath Warns Protestors In Hathras

We use cookies to give you the best possible experience. Learn more