ആര്‍.എസ്.എസിന്റെ ഇരട്ടമുഖം തുറന്നുകാട്ടിയ ഫറൂഖ് അബ്ദുള്ളയുടെ നാവറുക്കുന്നവര്‍ക്ക് 21 ലക്ഷം വാഗ്ദാനം ചെയ്ത് തീവ്രവാദ വിരുദ്ധ മുന്നണി പ്രസിഡന്റ്
India
ആര്‍.എസ്.എസിന്റെ ഇരട്ടമുഖം തുറന്നുകാട്ടിയ ഫറൂഖ് അബ്ദുള്ളയുടെ നാവറുക്കുന്നവര്‍ക്ക് 21 ലക്ഷം വാഗ്ദാനം ചെയ്ത് തീവ്രവാദ വിരുദ്ധ മുന്നണി പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd November 2017, 8:29 am

 

ന്യൂദല്‍ഹി: ആര്‍.എസ്.എസിനെതിരെ സംസാരിച്ച ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ നാവറുക്കുന്നയാള്‍ക്ക് 21 ലക്ഷം രൂപ പ്രഖ്യാപിച്ച് ഇന്ത്യയിലെ തീവ്രവാദ വിരുദ്ധ മുന്നണിയുടെ ദേശീയ പ്രസിഡന്റ് വിരേഷ് ശാന്തിലിയ. ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവനകള്‍ ആര്‍.എസ്.എസിനെതിരെയും പാകിസ്ഥാനെ അനുകൂലിക്കുന്നതുമാണെന്നും ശാന്തിലിയ പറഞ്ഞു.

“ഇന്ത്യയെ ഒറ്റുന്നയാളാണ് ഫറൂഖ് അബ്ദുള്ള. കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന്റെ ഇസഡ് പ്ലസ് സുരക്ഷ പിന്‍വലിക്കണം. അബ്ദുള്ളയുടെ നാവ് അരിയുന്നവര്‍ക്ക് ഞാന്‍ 21 ലക്ഷം പുരസ്‌കാരമായി നല്‍കും.” എന്നാണ് ശാന്തിലിയ പറഞ്ഞത്.


Also Read: സ്‌കൂപ്പ് ഷോട്ടിനായി സ്റ്റംമ്പും കടന്നു പിറകിലെത്തി താരം; ദുരന്ത നായകനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ


ബ്രിട്ടീഷ് ഭരണകാലത്ത് അവരുമായി രഹസ്യധാരണ പുലര്‍ത്തുകയും ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വേളയില്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്ത ആര്‍.എസ്.എസ് ഇപ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുകയാണെന്ന് ഫറൂഖ് അബ്ദുള്ള ഞായറാഴ്ച പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശാന്തിലിയ അദ്ദേഹത്തിന്റെ നാവരിയാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

“വര്‍ഗീയ രാാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയും കളിക്കുകയും വഴി ആര്‍.എസ്.എസും ബി.ജെ.പി ഉള്‍പ്പെടെയുള്ള അവരുടെ അനുയായികളും ഇന്ത്യയെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുകയാണ്.” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


Also Read: മോദിയെ വിമര്‍ശിക്കുന്നവരുടെ കൈവെട്ടുമെന്നോ എങ്കില്‍ ഞാനതിനു വെല്ലുവിളിക്കുകയാണ്; മോദിയുടെ കൈവെട്ടാന്‍ തയ്യാറായി ഇവിടെ നിരവധിപ്പേരുണ്ടെന്നും റാബ്റി ദേവി


ബി.ജെ.പി ഭാവിക്കുന്ന അതിദേശീയതയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരകാലത്ത് ആര്‍.എസ്.എസ് വില്ലന്‍ റോള്‍ കളിച്ചതിന് ചരിത്രത്തില്‍ തെളിവുണ്ടെന്നു പറഞ്ഞ അദ്ദേഹം ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘിന്റെ നേതാക്കള്‍ ബ്രീട്ടീഷുകാരുമായി യോജിച്ചു പ്രവര്‍ത്തിച്ച കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.

” സംഘപരിവാര്‍ നേതാക്കള്‍ ബ്രിട്ടീഷുകാര്‍ക്ക് കുഴലൂതുകയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു.” എന്നും അദ്ദേഹം പറഞ്ഞിരുന്നു.