| Thursday, 19th October 2023, 9:42 am

യൂറോ യോഗ്യത കഴിഞ്ഞിട്ടും സൂപ്പര്‍ താരത്തിന് വിശ്രമമില്ലേ? റോണോയുടെ പോരാട്ടം ഇനി അല്‍ നസറിനൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോ യോഗ്യത മത്സരങ്ങള്‍ അവസാനിച്ച് വീണ്ടും ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സജീവമാവുകയാണ്.

സൗദി പ്രോ ലീഗില്‍ ഒക്ടോബര്‍ 21ന് അല്‍ നസര്‍ ഡമാകിനെ നേരിടും. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ മത്സരത്തില്‍ കളിക്കുമോ എന്ന് അറിയിച്ചിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ അല്‍ അല്‍ഹര്‍ബി.

എല്ലാ വിദേശ താരങ്ങളും ടീമിന്റെ പരിശീലനക്യാമ്പില്‍ പങ്കെടുക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഈ ക്യാമ്പില്‍ ഉണ്ടെന്നുമാണ് അല്‍ അല്‍ഹര്‍ബി പറഞ്ഞത്.

‘ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ ഡമാക്കിനെതിരെ നടക്കുന്ന മത്സരത്തില്‍ കളിക്കാന്‍ അല്‍ നസറിന്റെ എല്ലാ വിദേശ താരങ്ങളും തയ്യാറാണ്. എല്ലാവരും ടീമിന്റെ ക്യാമ്പില്‍ പങ്കെടുക്കും,’ അല്‍ഹര്‍ബി എക്സില്‍ കുറിച്ചു.

യൂറോ യോഗ്യത മത്സരത്തില്‍ സ്ലോവാക്യയെയും ബോസ്നിയയെയും തകര്‍ത്ത് റോണോയും കൂട്ടരും അടുത്തവര്‍ഷം നടക്കുന്ന യൂറോപ്പിന് യോഗ്യത നേടിയിരുന്നു. ഇതിനു പിന്നാലെ സൗദിയില്‍ എത്തിയ റൊണാള്‍ഡോക്ക് ടീം വിശ്രമം അനുവദിച്ചില്ല. ലീഗിലെ ഏഴ് മത്സരങ്ങളുടെ അപരാജിത കുതിപ്പ് തുടരാന്‍ ടീമില്‍ റോണോയുടെ സാന്നിധ്യം പ്രധാനമാണ്.

റൊണാള്‍ഡോ ഈ സീസണില്‍ അല്‍ നസറിന് വേണ്ടി 11 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും ആറ് അസിസ്റ്റുകളും നേടിയിട്ടുണ്ട്. നിലവില്‍ സൗദി ലീഗില്‍ മൂന്നാം സ്ഥാനത്താണ് റോണോയും സംഘവും.

Content Highlight: Will Cristiano Ronaldo play against Damac in al nasser reveled the journalist.

We use cookies to give you the best possible experience. Learn more