വിജയവാഡ: മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്ന നിലപാട് ഉപേക്ഷിക്കണമെന്ന് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച. പാര്‍ട്ടി പരിപാടിയിലെ ഈ വ്യവസ്ഥ ഉപേക്ഷിക്കണമെന്ന ഭേദഗതി വി.എസ്. സുനില്‍കുമാര്‍ അവതരിപ്പിച്ചപ്പോള്‍ ഭൂരിപക്ഷം പേരും പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഇതേ നിര്‍ദേശം രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലും ഉയര്‍ന്നു. പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുക്കുന്ന പുതിയ ദേശീയ കൗണ്‍സിലിന്റെ അന്തിമ തീരുമാനത്തിന് ഇക്കാര്യം വിട്ടതായാണ് വിവരം.
2015ലെ പുതുച്ചേരി പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ചാണ് ‘മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൂടി സംവരണം ബാധകമാക്കണം’ എന്ന വരി പാര്‍ട്ടി പരിപാടി ഭേദഗതി ചെയ്തപ്പോള്‍ അതില്‍ ഉള്‍പ്പെടുത്തിയത്.
എന്നാല്‍, ഇത് സാമ്പത്തിക സംവരണം സംബന്ധിച്ച സി.പി.ഐയുടെ അടിസ്ഥാനനയത്തിന് എതിരാണെന്ന വിമര്‍ശനം പിന്നീട് ശക്തമായി. പാര്‍ലമെന്റില്‍ ഡി.രാജ തന്നെ ഈ വ്യവസ്ഥയ്‌ക്കെതിരെ നിലപാട് എടുക്കുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഈ ഭാഗം പരിപാടിയില്‍ നിന്ന് നീക്കണമെന്ന ഭേദഗതി സുനില്‍ കുമാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. ഭേദഗതി അനുകൂലമായതോടെ പാര്‍ട്ടി പരിപാടി അവലോകനം ചെയ്യുന്ന കമ്മീഷന്‍ പരിശോധിച്ച ശേഷം പുതിയ ദേശീയ കൗണ്‍സിലിന് വിടും.
രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ ഇതേകാര്യം മറ്റൊരു സംസ്ഥാനത്തെ പ്രതിനിധി ചൂണ്ടിക്കാട്ടിയപ്പോള്‍ അതില്‍ പങ്കെടുത്ത ജനറല്‍ സെക്രട്ടറി ഡി. രാജയും സമാന നിലപാട് പ്രകടിപ്പിച്ചു.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കുന്ന 50 ശതമാനം സംവരണത്തിന് കോട്ടം തട്ടാതെ, മുന്നാക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണം എന്നുതന്നെയാണ് സി.പി.ഐയുടെ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ഉള്‍പ്പെടെ ഈ സംവരണം നടപ്പാക്കിയ പശ്ചാത്തലത്തില്‍ സി.പി.ഐയുടെ തുടര്‍ നിലപാടിന് ശ്രദ്ധേയമാകും.
അതേസമയം, കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലിലുള്ളവരുടെ അംഗസംഖ്യ 11ല്‍ നിന്നും 13 ആയി ഉയര്‍ന്നു. കേരളത്തില്‍ നിന്ന് പുതിയ ദേശീയ കൗണ്‍സിലിലേക്ക് ഏഴ് പുതുമുഖങ്ങള്‍ എത്തി. ഇതില്‍ നാല് മന്ത്രിമാരും ഉള്‍പ്പെടുന്നു. എന്നാല്‍ മുന്‍ മന്ത്രി വി.എസ്. സുനില്‍ കുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മന്ത്രിമാരായ കെ. രാജന്‍, ജി.ആര്‍. അനില്‍, പി. പ്രസാദ്, ചിഞ്ചു റാണി എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തിയത്. കൂടാതെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യു തോമസ്, പി.പി. സുനീര്‍ എന്നിവരും ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായി.
ദേശീയ-സംസ്ഥാന ഭാരവാഹികള്‍ക്ക് പ്രായപരിധി ഭേദഗതി സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചതോടെ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ പുതിയ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവായി. കെ.ഇ. ഇസ്മായില്‍, പന്ന്യന്‍ രവീന്ദ്രന്‍, എന്‍. അനിരുദ്ധന്‍, ടി.വി. ബാലന്‍, സി.എന്‍. ജയദേവന്‍, എന്‍. രാജന്‍ എന്നിവരാണ് ഒഴിവായത്. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനവും പന്ന്യന്‍ രവീന്ദ്രന്‍ ഒഴിഞ്ഞു.