ചെന്നൈ: ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് വര്‍ധിച്ച് വരുന്നതോടെ പലയിടങ്ങളിലും തിയേറ്ററുകള്‍ അടച്ചു തുടങ്ങി. പല ബിഗ് ബജറ്റ് ചിത്രങ്ങളുടെയും റിലീസ് മാറ്റുകയും ചെയ്തു.
ഷാഹിദ് കപൂര്‍ നായകനായ ജെഴ്‌സി, എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍, അക്ഷയ് കുമാര്‍ നായകനായ പൃഥ്വിരാജ് തുടങ്ങിയവയാണ് റിലീസ് മാറ്റിയത്.
ഇതിനിടെ തമിഴില്‍ ആരാധകര്‍ ഏറെനാളായി കാത്തിരിക്കുന്ന അജിത് കുമാര്‍ ചിത്രം വാലിമൈയുടെ റിലീസ് മാറ്റുമോ ഇല്ലയോ എന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
പൊങ്കല്‍ റിലീസ് ആയി ജനുവരി 13ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. ഇതിനിടെ കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് റിലീസ് മാറ്റുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ റിലീസ് മാറ്റില്ലെന്നും ജനുവരി പതിമൂന്നിന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നുമാണ് നിര്‍മാതാവ് ബോണി കപൂര്‍ പറയുന്നത്. തമിഴിനൊപ്പം തെലുങ്ക്, ഹിന്ദി പതിപ്പുകളിലുമായി ചിത്രം ജനുവരി 13ന് ലോകമാകെയുള്ള തിയറ്ററുകളില്‍ എത്തുമെന്ന് ബോണി കപൂര്‍ ട്വീറ്റ് ചെയ്തു.
ആര്‍.ആര്‍.ആര്‍ അടക്കമുള്ള ചിത്രങ്ങള്‍ റിലീസ് മാറ്റിയതോടെ ബോക്‌സോഫീസില്‍ വലിയ വെല്ലുവിളികള്‍ വാലിമൈയ്ക്ക് ഉണ്ടാകില്ല എന്നാണ് നിര്‍മാതാക്കളുടെ കണക്കുകൂട്ടലുകള്‍.
അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനം എടുക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
തിയേറ്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനമായാല്‍ വലിമൈ റിലീസ് മാറ്റി വെയ്‌ക്കേണ്ടി വരും. മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് അജിത് ആരാധകര്‍.
വാലിമൈയില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് കുമാര്‍ എത്തുന്നത്. എച്ച് വിനോദാണ് വാലിമൈ സംവിധാനം ചെയ്യുന്നത്. ബോണി കപൂര്‍ നിര്‍മ്മിച്ച വാലിമൈയില്‍ ബോളിവുഡ് താരം ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, പേളി മാണി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Will Covid omicron change Ajith’s ‘Valimai’ release ?; Producer Boney Kapoor announces crucial decision