| Sunday, 5th March 2023, 11:00 pm

അന്വേഷണത്തോട് സഹകരിക്കും, ഓഫീസിനകത്ത് കയറിയുള്ള ഗുണ്ടായിസം അംഗീകരിക്കില്ല: ഏഷ്യാനെറ്റ് ന്യൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമം അനുശാസിക്കുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്. ലഹരിമാഫിയക്കെതിരായ പോരാട്ടം നാടിന്റെ താല്‍പര്യമാണെന്നും ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗം, മാധ്യമ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നും ഏഷ്യാനെറ്റ് ന്യൂസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ഞായറാഴ്ച ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോടുള്ള ഓഫീസില്‍ വെള്ളയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. അതിന് പിന്നാലെയാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

‘നിയമം അനുശാസിക്കുന്ന ഏത് അന്വേഷണവുമായും ഏഷ്യാനെറ്റ് ന്യൂസ് സഹകരിക്കും. നാട്ടില്‍ പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരെ ഏഷ്യാനെറ്റ് നല്‍കിയ പരമ്പരയിലെ സ്റ്റോറിക്കെതിരെയാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണം.

സര്‍ക്കാറിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ലഹരിമാഫിയക്കെതിരായ പോരാട്ടം നാടിന്റെ താല്‍പര്യമാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗം, മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഒരു ഭരണകക്ഷി എം.എല്‍.എയുടെ പരാതിയിന്മേലുള്ള തുടര്‍ നടപടികളുടെ മിന്നല്‍ വേഗം എടുത്തുപറയേണ്ടതാണ്.

അന്വേഷണം പോലും തുടങ്ങുന്നതിന് മുമ്പ് ഓഫീസിനകത്ത് കയറി ഗുണ്ടായിസം നടത്തുന്നതും ജനാധിപത്യ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന നിലപാട് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കുന്നു.

സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം എഷ്യാനെറ്റ് ന്യൂസ് നേരോടെ നിര്‍ഭയം നിരന്തരം തുടരും,’ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

നാര്‍കോടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയില്‍ വ്യാജ വാര്‍ത്ത നല്‍കിയതാരോപിച്ച് പി.വി.അന്‍വര്‍ എം.എല്‍.എ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പൊലീസ് ഏഷ്യാനെറ്റിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തിരുന്നു. അതിന്റെ ഭാഗമായാണ് പരിശോധന നടന്നത്.

content highlight: Will cooperate with investigation, will not accept hooliganism inside office: Asianet News

We use cookies to give you the best possible experience. Learn more