ഗാന്ധിനഗർ: ബി.ജെ.പി എം.എൽ.എയോട് രാജി ആവശ്യപ്പെട്ടില്ലെങ്കിൽ താനും കുടുംബവും ഇസ്‌ലാം മതം സ്വീകരിക്കുമെന്ന് ഗുജറാത്ത് സർക്കാരിനോട് ദളിത് കോൺഗ്രസ് നേതാവ് രാജേഷ് സോളങ്കി.
തന്റെ മകൻ സഞ്ജയ് സോളങ്കിയെ ബി.ജെ.പി എം.എൽ.എയുടെ മകൻ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് നേതാവ് രാജേഷ് സോളങ്കിയുടെ നടപടി. തന്നെ ആക്രമിച്ച സംഭവത്തിൽ സഞ്ജയ് സോളങ്കിയും പൊലീസിൽ പരാതി നൽകിയിരുന്നു.
ബി.ജെ.പി എം.എൽ.എ.യുടെ മകൻ്റെ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രതികൾ തന്നെ രാജ്‌കോട്ട് ജില്ലയിലെ ഗോണ്ടലിലേക്ക് കൊണ്ട് പോയെന്നും തുടർന്ന് തന്നെ വിവസ്ത്രനാക്കി മാപ്പ് പറയാൻ നിർബന്ധിച്ചതായും സഞ്ജയ് പരാതിയിൽ ആരോപിച്ചിരുന്നു.
കോൺഗ്രസിൻ്റെ ജുനഗഡ് സിറ്റി എസ്.സി എസ്.ടി സെൽ പ്രസിഡൻ്റ് രാജേഷ് സോളങ്കി ദളിത് വിഭാഗത്തിൻ്റെ സംഘടനയായ ജുനഗഡ് ജില്ല അനുസുചിത് ജാതി സമാജിൻ്റെ തലവൻ കൂടിയാണ്. അദ്ദേഹത്തിൻ്റെ മകൻ സഞ്ജയ് സോളങ്കി കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗമായ നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ നേതാവാണ്.
ബുധനാഴ്ച രാജേഷ് സോളങ്കി ജുനഗഡ് ജില്ലാ കളക്ടറുടെ ഓഫീസിലെത്തി മതപരിവർത്തനത്തിന് സംസ്ഥാന സർക്കാരിൻ്റെ അനുമതി തേടിയുള്ള അപേക്ഷാ ഫോമുകൾ വാങ്ങിയിട്ടുണ്ട്.
ഗീതാബയ്‌ക്കും ഭർത്താവ് ജയ്‌രാജ്‌സിംഗ് ജഡേജയ്‌ക്കുമെതിരെ ബി.ജെ.പി സർക്കാർ നടപടിയെടുത്തില്ലെങ്കിൽ താനും സോളങ്കി കുടുംബത്തിലെ 150 ഓളം അംഗങ്ങളും ഇസ്‌ലാം മതം സ്വീകരിക്കുമെന്ന് ജൂലൈ 6-ന് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് നടപടി.
ആഗസ്ത് 15 നകം ഗീതാബയുടെ രാജി ബി.ജെ.പി ആവശ്യപ്പെടണമെന്നും ഐ.പി.സി സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന) പ്രകാരം ജയരാജ്‌സിങ്ങിനെതിരെ കേസെടുക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.
Content Highlight: ‘Will Convert to Islam’: Gujarat Congress Leader Seeks Resignation of BJP MLA Over Son’s Assault