ന്യൂദല്‍ഹി: രാജ്യത്തെ കര്‍ഷകരെ ശാക്തീകരിക്കാനും കാര്‍ഷിക രംഗത്തെ അഭിവൃദ്ധിപ്പെടുത്താനുമായി കേന്ദ്രസര്‍ക്കാര്‍ ചരിത്രപരമായ പരിഷ്‌കാരങ്ങളാണ് ഇതുവരെ നടപ്പിലാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നൂറാമത്തെ കിസാന്‍ റെയില്‍ സേവനം ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ വ്യക്തവും സുതാര്യവുമാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കിസാന്‍ റെയില്‍ പദ്ധതിയിലൂടെ രാജ്യത്തെ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചു. വരുമാനം വര്‍ധിപ്പിച്ചുകൊണ്ട് കര്‍ഷകരെ ശാക്തീകരിക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പ്പാണ് കിസാന്‍ റെയില്‍’, മോദി പറഞ്ഞു.
അതേസമയം കര്‍ഷകരുമായി നാളെ നടത്താനിരുന്ന ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചു. ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറല്ല എന്ന നിലപാട് സ്വീകരിച്ചിരുന്ന കര്‍ഷകര്‍ കേന്ദ്രത്തിന്റെ തുടര്‍ച്ചയായുള്ള അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഡിസംബര്‍ 29 ന് ചര്‍ച്ചയ്ക്ക് തയ്യാറായത്.
ഈ ചര്‍ച്ചയാണ് ഡിസംബര്‍ 30 ലേക്ക് മാറ്റിയിരിക്കുന്നത്. ഡിസംബര്‍ 29 ന് (ചൊവ്വാഴ്ച) നടത്താനിരുന്ന ചര്‍ച്ചയ്ക്ക് പകരം ഡിസംബര്‍ 30 ന് ചര്‍ച്ച നടത്താന്‍ സമ്മതിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൃഷി മന്ത്രാലയം കര്‍ഷക യൂണിയനുകള്‍ക്ക് കത്ത് നല്‍കി. മറ്റന്നാള്‍ 2 മണിക്കാണ് സര്‍ക്കാര്‍ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.
ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ അവസാനമായി ചര്‍ച്ച നടത്തിയിരുന്നത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ നേരത്തെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നും താങ്ങുവിലയില്‍ ചില ഉറപ്പുകള്‍ നല്‍കാമെന്നുമായിരുന്നു കേന്ദ്രം ആവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.
നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേന്ദ്രം പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കര്‍ഷകര്‍ വീണ്ടും ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ദല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക