ന്യൂദല്‍ഹി: ഇന്ത്യയുമായി മനുഷ്യാവകാശ പ്രശ്‌നങ്ങളിലെ ആശങ്ക അറിയിക്കുന്നത് അമേരിക്ക തുടരുമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍. നേരത്തെ ഇന്ത്യയുമായി മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉന്നയിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഇത്തരം പരമാര്‍ശം വന്നിരിക്കുന്നത്.
‘ഞങ്ങളുമായി ഇടപഴകുന്ന രാജ്യങ്ങളോട് ഞങ്ങള്‍ മനുഷ്യാവകാശത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കാറുണ്ട്. ഇന്ത്യയുമായി ഇതിന് മുമ്പും ഇത്തരം ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. ഇനിയും അത് തുടരും,’ മില്ലര്‍ പറഞ്ഞു.
ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ബൈഡന്‍ അന്വേഷിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ലോകത്തെവിടെയും നടക്കുന്ന ആക്രമണങ്ങളെ ഞങ്ങള്‍ എതിര്‍ക്കും,’ മില്ലര്‍ കൂട്ടിച്ചേര്‍ത്തു.
ജി20 ഉച്ചക്കോടിയില്‍ പങ്കെടുക്കാനുള്ള പ്രസിഡന്‍ഷ്യല്‍ യാത്രയുടെ ഭാഗമായി അടുത്ത മാസമാണ് ബൈഡന്‍ ഇന്ത്യയിലെത്തുന്നത്.
ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ച സമയത്ത് ഇന്ത്യയുടെയും അമേരിക്കയുടെയും പ്രധാന തത്വങ്ങളിലൊന്ന് മതപരമായ സ്വാതന്ത്ര്യമാണെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. ലോകമെമ്പാടും ജനാധിപത്യം വെല്ലുവിളി നേരിടുകയാണെന്നും ബൈഡന്‍ പറഞ്ഞിരുന്നു.
മാര്‍ച്ചില്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. ഇതില്‍ മോദി സര്‍ക്കാരിന് കീഴില്‍ മതന്യൂനപക്ഷങ്ങള്‍ക്കും പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമെതിരെ നടക്കുന്ന ആക്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചതും ബി.ജെ.പി അംഗങ്ങളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളും അതില്‍ സൂചിപ്പിച്ചു.
പൗരത്വഭേദഗതി ബില്ലിനെക്കുറിച്ചും ആര്‍ട്ടിക്കിള്‍ 370ഉം, ആര്‍ട്ടിക്കിള്‍ 35 എയും റദ്ദാക്കിയതും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുസ്‌ലിങ്ങളുടെ വീടുകള്‍ തകര്‍ക്കുന്നതിനെക്കുറിച്ചും ഗുജറാത്തില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന പൊലീസ് അക്രമത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു. സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് നേരിട്ടും മാധ്യമങ്ങളുടെയും അഭിഭാഷകരുടെയും റിപ്പോര്‍ട്ടുകളും അനുസരിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്.