വൈക്കം: മതം മാറിയ മകളെ തിരിച്ചു കിട്ടുന്നതിനായി പൊരുതുമെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ മാധ്യമമായ “ദ ഇന്‍ഡ്യന്‍ എക്‌സ്പ്രസി”നോട് സംസാരിക്കവെയാണ് മകളെ അഖിലയായി തിരിച്ചു കിട്ടാന്‍ പൊരുതുമെന്ന അശോകന്‍ പറഞ്ഞത്.
“താന്‍ സിഗരറ്റും വലിച്ചും മദ്യപിച്ചും ഇതില്‍ ആശ്വാസം തേടും പക്ഷേ എന്റെ ഭാര്യ പൊന്നമായോ?” അദ്ദേഹം ചോദിക്കുന്നു. “അവള്‍ സാധനങ്ങള്‍ വാങ്ങാനെന്ന് പറഞ്ഞ് രാവിലെ വീട്ടില്‍ നിന്നിറങ്ങും പക്ഷേ എനിക്കറിയാം അവള്‍ വൈക്കത്തപ്പന്റെ മുന്നില്‍ കരഞ്ഞ് സങ്കടം പറയാന്‍ പോകുന്നതാണെന്ന്. അവള്‍ക്കതില്‍ കൂടുതല്‍ എന്ത് ചെയ്യാന്‍ കഴിയും” അശോകന്‍ ചോദിക്കുന്നു.
ഹിന്ദു മതം ഉപേക്ഷിച്ച് ഇസ്‌ലാം മതം സ്വീകരിക്കുകയും ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുക്കയും ചെയ്ത മകളെ തിരിച്ച ലഭിക്കുന്നതിനായി നിയമ യുദ്ധം തുടരുമെന്നും അശോകന്‍ പറയുന്നു. ഞാന്‍ അവളെ അഖിലയായി തിരിച്ച കിട്ടുന്നതുവരെ പൊരുതും ഹാദിയയായല്ല” അദ്ദേഹം പറഞ്ഞു.
“ഞങ്ങളുടെ വിവാഹസമയത്ത് ഒരു കുട്ടി മാത്രം മതിയെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അത് ആണ്‍ കുട്ടിയായാലും പെണ്‍കുട്ടിയായാലും അങ്ങിനെ മതിയെന്നായിരുന്നു തീരുമാനം. ഞങ്ങളുടെ ജീവിതവും സ്വത്തും ആ കുട്ടിക്കായി ചിലവഴിക്കാന്‍ ഞങ്ങള്‍ ഉറപ്പിച്ചിരുന്നു. അതുപൊലെ തന്നെ അവളുടെ നല്ലതിനായി ഞങ്ങള്‍ എല്ലാം ചെയ്തും കൊടുത്തു. പിന്നെ ഞാനെങ്ങനെ ഈ പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിക്കും?, അവള്‍ ഷെഫിന്‍ ജഹാനെപ്പോലൊരു തീവ്രവാദിയെ വിവാഹം ചെയ്തത് എനിക്ക് അംഗീകരിക്കാനാകില്ല. എന്റെ എല്ലാ സമ്പാദ്യവും അവളെ തിരിച്ച് കിട്ടുന്നതിനായി ചിലവഴിക്കാന്‍ ഞാന്‍ തയ്യാറാണ്” അശോകന്‍ പറഞ്ഞു.
കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ ഹാജരാക്കിയ ഹാദിയയെ അച്ഛനൊപ്പവും ഭര്‍ത്താവിനൊപ്പവും വിടാതെ സേലത്തുള്ള കോളേജിലേക്ക് അയക്കാനായിരുന്നു കോടതിയുടെ തീരുമാനം. കോളേജിന്റെ ഡീന്‍ ആയിരിക്കും ഹാദിയയുടെ രക്ഷാധികാരിയെന്നും കോടതി അറിയിച്ചിരുന്നു. രണ്ട് മണിക്കൂറിലധികം നീണ്ടു നിന്ന വാദം കേള്‍ക്കലില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങളായിരുന്നു.
എന്താണ് ഭാവിയെ കുറിച്ചുള്ള സ്വപ്നമെന്ന കോടതിയുടെ ചോദ്യത്തിന് “എനിക്ക് സ്വാതന്ത്ര്യം വേണം, വിശ്വാസത്തോടെ ജീവിക്കണം.” എന്നായിരുന്നു 24 കാരിയായ ഹാദിയയുടെ മറുപടി.