| Saturday, 6th November 2021, 9:49 am

കഴിഞ്ഞ നാല് വര്‍ഷമായി യു.പിയില്‍ ഒരു കലാപവും ഉണ്ടായിട്ടില്ല; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇത്തവണയും മത്സരിക്കും: യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖൊരക്പൂര്‍: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ എല്ലായ്‌പ്പോഴും തെരഞ്ഞടുപ്പില്‍ മത്സരിക്കാറുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍, പാര്‍ട്ടി പറയുന്ന മണ്ഡലത്തില്‍ നിന്ന് ഞാന്‍ ഇത്തവണയും മത്സരിക്കും,’ യോഗി പറഞ്ഞു.

പാര്‍ട്ടിക്ക് ഒരു പാര്‍ലമെന്ററി സമിതിയുണ്ടെന്നും, ആ സമിതിയാണ് ആരൊക്കെ എവിടെ നിന്ന് മത്സരിക്കുന്നത് എന്ന് തീരുമാനിക്കുന്നതെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

2017ല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ മുഴുവന്‍ നിറവേറ്റിയാണ് ബി.ജെ.പി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് യോഗി പറഞ്ഞു.

സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥിതിയും പൊലീസ് സേനയും കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കൃത്യമായ ഒരു മാതൃക ഇവിടെ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, സംസ്ഥാനത്ത് ഒരു തരത്തിലുള്ള കലാപങ്ങളും ഉണ്ടായിട്ടില്ലെന്നും, ദീപാവലിയടക്കമുള്ള ആഘോഷങ്ങള്‍ സമാധാനപരമായി നടത്തിയെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

‘ദീപാവലി ഇതാദ്യമായല്ല ഇവിടെ ആഘോഷിക്കുന്നത്, കുംഭമേളയും ഇതിന് മുന്‍പ് ഇവിടെ നടത്തിയിരുന്നു. എന്നിട്ടും, ഉത്തര്‍പ്രദേശിന്റെ പ്രതിച്ഛായ പരിതാപകരമായിരുന്നു. എന്നാല്‍ 2017ന് ശേഷം ആ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുകയാണ്.

ഇപ്പോള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായക്ക് യാതൊരു വിധത്തിലുമുള്ള കോട്ടവുമില്ല. സര്‍ക്കാരിന്റെ ഓരോ പദ്ധതിയുടെയും ഗുണം സാധാരണക്കാരായ ഓരോ പൗരനും നേരിട്ട് ലഭ്യമായി,’ യോഗി പറയുന്നു.

രാജ്യത്തെ മറ്റേത് സംസ്ഥാനങ്ങളെക്കാളും വിദേശ നിക്ഷേപങ്ങള്‍ക്ക് അനുകൂല സാഹചര്യമാണ് യു.പിയില്‍ ഉള്ളതെന്നും, മികച്ച സുരക്ഷയും ഗതാഗത സൗകര്യവും ഇവിടെയുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ഇതുകൂടാതെ, 4.5 ലക്ഷം ആളുകള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും, നിയമനങ്ങള്‍ സുതാര്യമാണെന്നും യോഗി പറഞ്ഞു.

2022ല്‍ ആണ് ഉത്തര്‍പ്രദേശ് അടക്കമുള്ള 7 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖം നഷ്ടപ്പെട്ട ബി.ജെ.പി ഏത് വിധേനയും തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Will contest assembly polls if party decides: UP CM Yogi Adityanath

We use cookies to give you the best possible experience. Learn more