| Sunday, 29th December 2019, 7:44 am

'എന്‍.ആര്‍.സി നടപ്പാക്കല്‍ സംസ്ഥാനങ്ങളോട് ആലോചിച്ചതിനു ശേഷം'; എന്‍.പി.ആര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരുകളോട് ആലോചിക്കുന്നത് അടക്കമുള്ള കൃത്യമായ നിയമ നടപടികള്‍ക്കു ശേഷം മാത്രമേ രാജ്യം മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കുന്നതുമായി മുന്നോട്ടുപോകൂവെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. എന്നാല്‍ എന്‍.പി.ആറിനു വേണ്ടി ശേഖരിച്ച വിവരങ്ങള്‍ എന്‍.ആര്‍.സിക്കു വേണ്ടി ഉപയോഗിക്കുവോ ഉപയോഗിക്കാതിരിക്കുവോ ചെയ്യുമെന്നും ‘ദ സണ്‍ഡേ എക്‌സ്പ്രസു’മായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘നിലവില്‍ എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട ഒരു നിലപാടെടുത്തിട്ടുണ്ട്. അതിലൊരു നിയമ പ്രക്രിയയുണ്ട്. ആദ്യം ഒരു തീരുമാനം, പിന്നീട് ഒരു വിജ്ഞാപനം, പിന്നെ പ്രക്രിയ, വേരിഫിക്കേഷന്‍, എതിര്‍പ്പുകള്‍, അതു കേള്‍ക്കല്‍, അപ്പീലിനു പോകാനുള്ള അവകാശം. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിക്കും. അവരുടെ അഭിപ്രായം സ്വീകരിക്കും.

എന്തെങ്കിലും ചെയ്യാനുണ്ടെങ്കിലും അതു പരസ്യമായി ചെയ്യും. എന്‍.ആര്‍.സിയില്‍ ഒരു രഹസ്യവുമില്ല. 2003-ലെ പൗരത്വ നിയമങ്ങളിലുള്ള മൂന്നും നാലും ചട്ടം ഉപയോഗിച്ചുള്ള പ്രക്രിയകള്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങളെ തീര്‍ച്ചയായും അറിയിച്ചിരിക്കും. അസമില്‍ എന്‍.ആര്‍.സി നടപ്പാക്കിയത് സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളെത്തുടര്‍ന്നാണ്,’ അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സെന്‍സസ് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് എന്‍.പി.ആര്‍ വേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.പി.ആര്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നതു ക്ഷേമ പദ്ധതികള്‍ക്കായുള്ള നയങ്ങള്‍ രൂപീകരിക്കാന്‍ വേണ്ടി മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കു ഭയപ്പെടാന്‍ ഒന്നുമില്ലെന്നും പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഒരു ഇന്ത്യക്കാരനും പൗരത്വം ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എന്‍.ആര്‍.സിയെന്നതു തികച്ചും വ്യത്യസ്തമായ കാര്യമാണ്. അത് ഇന്ത്യയിലെ പൗരന്മാര്‍ക്കു വേണ്ടിയുള്ളതാണ്.

പൗരത്വ ഭേദഗതി നിയമം എന്നത് പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും അഫ്ഗാനിസ്താനിലെയും ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൈനന്മാര്‍ക്കും സിഖുകാര്‍ക്കും പാഴ്‌സികള്‍ക്കും വേണ്ടിയുള്ളതാണ്. പൗരത്വ ഭേദഗതി നിയമം ഇന്ത്യക്കാരനെ ബാധിക്കില്ല,’ അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിഷേധിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുന്നു. വിദ്യാര്‍ഥികള്‍ അടക്കം എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നു ഞാന്‍ വ്യക്തമാക്കട്ടെ.

ഈ അവകാശത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അവര്‍ക്കു സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. പക്ഷേ, ആരെങ്കിലും പൊതുമുതല്‍ നശിപ്പിക്കുകയോ കൊള്ളിവെപ്പ് നടത്തുകയോ ചെയ്താല്‍ അത് അംഗീകരിക്കാനാവില്ല. വേണ്ട നിയമ നടപടികള്‍ സ്വീകരിക്കും,’ മന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more