|

വസുന്ധര രാജയ്ക്ക് സീറ്റ് നല്‍കിയിട്ടും പ്രശ്‌നങ്ങള്‍ ഒഴിയാതെ രാജസ്ഥാന്‍ ബി.ജെ.പി; കോണ്‍ഗ്രസില്‍ ചേരുമെന്ന് രാജയുടെ വിശ്വസ്തന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: വസുന്ധര രാജയ്ക്ക് സീറ്റ് നല്‍കിയിട്ടും പ്രശ്‌നങ്ങള്‍ ഒഴിയാതെ രാജസ്ഥാന്‍ ബി.ജെ.പി. പാര്‍ട്ടി തനിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് രാജയുടെ വിശ്വസ്തനായ ഭവാനി സിങ് രജാവത്ത് പറഞ്ഞു.

കോട്ട ലാദ്പുര ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ മണ്ഡലങ്ങളിലൊന്നാണ്. 2003 മുതല്‍ 2018 വരെ രജാവത്ത് ഇവിടുത്തെ എം.എല്‍.എ ആയിരുന്നു. എന്നാല്‍ കോട്ട-ബുണ്ടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായിരുന്ന ഇജയാജ് സിങ് ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ കല്‍പന ദേവിയ്ക്ക് ബി.ജെ.പി ലോദ്പുര സീറ്റ് നല്‍കി.

തന്റെ പേര് ഉപയോഗിച്ചാണ് അവര്‍ വോട്ട് നേടിയതെന്നും താന്‍ വിതച്ച വിത്തുകളുടെ ഫലം അവര്‍ കൊയ്‌തെന്നും രജാവത്ത് കുറ്റപ്പെടുത്തി.

അഞ്ച് ദിവസം മുന്‍പ് താന്‍ വസുന്ധര രാജയെ കണ്ടതായും സീറ്റ് ലഭ്യമാക്കാന്‍ അവര്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി വസുന്ധര രാജയെ ഒരിക്കലും മാറ്റി നിര്‍ത്താനാകില്ലെന്നും പാര്‍ട്ടി അവരോടൊപ്പമാണെന്ന് വിശ്വസിക്കുന്നതായും രജാവത്ത് ദി വയറിനോട് പറഞ്ഞു.

ബി.ജെ.പി അവഗണിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിലേക്ക് പോകുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ വസുന്ധര രാജയുടെ പേരില്ലായിരുന്നു. ഇത് വസുന്ധര രാജയെ പാര്‍ട്ടി മാറ്റി നിര്‍ത്തുകയാണെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായി. എന്നാല്‍ രണ്ടാം ഘട്ട പട്ടികയില്‍ ബി.ജെ.പി അവരുടെ പേരുള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും ലോദ്പുരയില്‍ ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള രണ്ട് ഘട്ട സ്ഥാനാര്‍ത്ഥി പട്ടികകളാണ് ഇരുപാര്‍ട്ടികളും ഇതുവരെ പുറത്ത് വിട്ടത്.

content highlight : Will consider Congress ticket if BJP doesnt gave one  Vasundhara Raje loyalist