| Sunday, 21st October 2018, 9:04 am

ഈ മണ്ഡലകാലത്തില്‍ തന്നെ ശബരിമലയിലെത്തും: തൃപ്തി ദേശായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭൂമാതാ ബ്രിഗേഡ് നേതാവും വനിത അവകാശ പ്രവര്‍ത്തകയുമായ തൃപ്തി ദേശായി അടുത്ത മാസം ശബരിമലയിലെത്തും. സുപ്രീംകോടതി വിധി വന്ന ശേഷം ഉടന്‍ ശബരിമലയിലേക്ക് വരുമെന്നായിരുന്നു തൃപ്തി നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിച്ചശേഷം ശബരിമലയില്‍ എത്താനാണ് തൃപ്തി ദേശായിയുടെ പുതിയ തീരുമാനം. യാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടുത്ത ആഴ്ച പുനെയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കാനാണു നീക്കം.

ALSO READ: “എനിക്കെല്ലാം മനസിലായി, സ്ത്രീകള്‍ ശബരിമലയില്‍ കയറേണ്ട”; മലക്കം മറിഞ്ഞ് സുബ്രഹ്മമണ്യം സ്വാമി

സന്ദര്‍ശന തീരുമാനം പുനഃപരിശോധിക്കില്ലെന്നും ഒരുസംഘം യുവതികള്‍ക്കൊപ്പം താനും മലചവിട്ടുമെന്നും അവര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുള്ളതിനാല്‍ മലചവിട്ടുന്നതിനു തടസ്സമില്ലെന്നും അതിനെ തടയുന്ന പ്രതിഷേധത്തോടു യോജിക്കാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചയ്ക്ക് തൃപ്തി ദേശായി ശ്രമിച്ചിരുന്നു. എന്നാല്‍ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ഷിര്‍ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഷിര്‍ദി ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്നഗര്‍ എസ്.പിക്ക് ഇവര്‍ കത്തയച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചില്ലെങ്കില്‍ അദ്ദേഹത്തെ വഴിയില്‍ തടയുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

ALSO READ: ഉമ്മന്‍ചാണ്ടിയ്ക്കും വേണുഗോപാലിനുമെതിരായ ലൈംഗികപീഡനപരാതി; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം

ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തൃപ്തി ദേശായി രംഗത്തെത്തിയിരുന്നു. മുത്തലാഖ് വിഷയത്തില്‍ സ്ത്രീപക്ഷമാകുന്ന മോദിസര്‍ക്കാര്‍, സുപ്രീംകോടതി വിധിയുണ്ടായിട്ടും ശബരിമല വിഷയത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് തൃപ്തിദേശായി ചോദിച്ചിരുന്നു.

സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീപ്രവേശനം നേടിയെടുക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണ് തൃപ്തി ദേശായി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more