ഹൈദരാബാദ്: ത്രിപുരയില്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അനുവദിക്കാതെ സംസ്ഥാനത്തെ ഐക്യവും സമാധാനവും തകര്‍ക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“അവര്‍ ത്രിപുരയുടെ സമാധാനം കെടുത്തുകയാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ പാര്‍ട്ടിയെ തകര്‍ക്കാമെന്നാണ് കണക്കുകൂട്ടുന്നത്. പക്ഷേ, തളര്‍ന്നുവീഴാന്‍ ഞങ്ങള്‍ക്കാകില്ല. ത്രിപുരയുടെ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാന്‍ ജനങ്ങളെ അണിനിരത്തി പോരാട്ടം ശക്തിപ്പെടുത്തും. പ്രതിസന്ധികളെ അതിജീവിച്ച് പൊരുതി മുന്നേറുക തന്നെ ചെയ്യും”
അസമിലും മണിപ്പൂരിലും അധികാരം പിടിച്ചതിനുശേഷം ബി.ജെ.പി ലക്ഷ്യമിട്ടത് ത്രിപുരയെയായിരുന്നുവെന്നും തെരഞ്ഞെടുപ്പിന് മൂന്നുവര്‍ഷം മുന്‍പ് തന്നെ അവര്‍ അതിനുവേണ്ട ശ്രമങ്ങള്‍ തുടങ്ങിയിരുന്നെന്നും ബിജന്‍ ധര്‍ പറഞ്ഞു. ഇതിനായി ആയിരക്കണക്കിനുപേരെ ശമ്പളം കൊടുത്ത് ബി.ജെ.പി ചുമതലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ മണ്ഡലത്തിലും രണ്ടരക്കോടി രൂപ വരെയാണ് ഇതിനായി ചെലവിട്ടെന്നും അദ്ദേഹം ആരോപിച്ചു.
“ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദിവസക്കൂലി നല്‍കി ഇടതുസര്‍ക്കാരിനെതിരെ സംസാരിപ്പിച്ചു. ഗ്രാമീണരുടെ ബാങ്ക് അക്കൗണ്ട് നമ്പരുകള്‍ ശേഖരിച്ച് പണം ഇട്ടുകൊടുത്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി വ്യാജപ്രചാരണം നടത്തി. കേന്ദ്രഫണ്ടുകള്‍ വെട്ടിക്കുറച്ച് സംസ്ഥാനത്തെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാക്കി.” ബിജന്‍ ധര്‍ കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO: