ന്യൂദല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന രണ്ട് മലയാളി മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ടുടമയ്ക്കുമുള്ള പത്ത് കോടി രൂപ നഷ്ടപരിഹാരം കെട്ടിവെച്ച ശേഷം എന്റിക ലെക്‌സി കടല്‍ക്കൊല കേസ് അവസാനിപ്പിക്കാനുള്ള അപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി.
നഷ്ടപരിഹാരത്തുക അംഗീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്കു 10 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നാല് കോടി രൂപ വീതവും പരുക്കേറ്റ ബോട്ടുടമയ്ക്കു രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരമായി ഇറ്റലി നല്‍കുകയെന്നാണ് കേന്ദ്രം അറിയിച്ചത്.
മീന്‍പിടിത്ത ബോട്ടായ സെന്റ് ആന്റണിയിലെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ നാവികരായ മാസിമിലിയാനോ ലാതോറെ, സാല്‍വതോര്‍ ജിറോണ്‍ എന്നിവര്‍ക്കെതിരെ കേരള പൊലീസാണ് കേസെടുത്തത്. എന്റിക ലെക്‌സി എന്ന കപ്പലിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാവികര്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. 2012ലായിരുന്നു സംഭവം.
കേസ് അന്വേഷിക്കാനുള്ള സംസ്ഥാനത്തിന്റെ അധികാരപരിധി ചോദ്യം ചെയ്ത് നാവികര്‍ കേരള ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.
കേസ് അന്വേഷിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും കേന്ദ്രത്തിനാണ് അധികാരപരിധിയെന്നും 2013 ജനുവരി ഒന്നിന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയുമുണ്ടായി. തുടര്‍ന്ന് എന്‍.ഐ.എ അന്വേഷണത്തെ ചോദ്യം ചെയ്ത് നാവികര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. പ്രത്യേക കോടതിയിലെ നടപടികള്‍ 2014 മാര്‍ച്ച് 28 ന് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ഇറ്റലിയും ഇന്ത്യയും എല്ലാ കോടതി നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ 2015 ഓഗസ്റ്റ് 24 ന് രാജ്യാന്തര കടല്‍നിയമ ട്രിബ്യൂണല്‍ ഉത്തരവിട്ടു. ഇറ്റലിയുടെ അഭ്യര്‍ഥന മാനിച്ചായിരുന്നു ഈ നടപടി. ഇതേത്തുടര്‍ന്ന് ഇന്ത്യയിലെ നടപടികള്‍ 2015 ഓഗസ്റ്റ് 26 ന് സുപ്രീം കോടതി സ്റ്റേ ചെയ്തു. രാജ്യാന്തര തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പിലാക്കാന്‍ ബന്ധപ്പെട്ട കക്ഷികളോട് 2017 മാര്‍ച്ച് ആറിന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക