മലപ്പുറം: സമസ്തയുടെ നേതാക്കന്മാരെ ആരെങ്കിലും പ്രയാസപ്പെടുത്തിയാൽ അവരുടെ കൈവെട്ടാൻ പ്രവർത്തകർ തയ്യാറാണെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ.
സമസ്തക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറായിട്ടുള്ള പ്രസ്ഥാനത്തിന്റെ മുന്നറിയിപ്പാണ് ഇതെന്നും മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്ര സമാപന റാലിയിൽ സത്താർ പന്തല്ലൂർ പറഞ്ഞു.
സമസ്തയിലെ സി.ഐ.സി തർക്കത്തിൽ ലീഗിന്റെ നിലപാടും മുസ്‌ലിം ലീഗിലെ പി.എം.എ. സലാം ഉൾപ്പെടെയുള്ള നേതാക്കളുമായുള്ള അസ്വാരസ്യങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സത്താർ പന്തല്ലൂരിന്റെ പരാമർശം.
‘സമസ്തയുടെ ഉസ്താദുമാരെ പ്രയാസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആര് വന്നാലും അവരുടെ കൈവെട്ടാൻ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവർത്തകന്മാർ മുമ്പിലുണ്ടാകും. ഇവരെ അപമാര്യാദയോടെ ആരും കാണേണ്ടതില്ല.
സമസ്തക്ക് വേണ്ടി ജനിച്ച, അതിന് വേണ്ടി ജീവിക്കുന്ന, അവർക്ക് വേണ്ടി മരിക്കാൻ തയ്യാറായിട്ടുള്ള പ്രസ്ഥാനത്തിന്റെ മുന്നറിയിപ്പാണ് ഇതെന്ന് എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണ്,’ സത്താർ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫിനെ വേട്ടയാടാൻ ആരെങ്കിലും വന്നാൽ തിരിച്ചും വേട്ടയാടുമെന്നും അദ്ദേഹം പറഞ്ഞു.
‘സമസ്തയെ കൊച്ചാക്കുന്ന, നിഷ്പ്രഭമാക്കാൻ ശ്രമിക്കുന്ന, സമസ്തയുടെ പാവങ്ങളായ ഉസ്താദുമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന ആര് മുന്നോട്ട് വന്നാലും അവരെ ഇരുത്തേണ്ടയിടത്ത് ഇരുത്താൻ എസ്.കെ.എസ്.എസ്.എഫിന് ഇന്നും ശക്തിയുണ്ട് എന്ന് ഗൗരവത്തോടെ തിരിച്ചറിയണം.
ഇവിടുത്തെ എല്ലാ സംഘടനകൾക്കും അവരുടെ ആശയ, ആദർശങ്ങളനുസരിച്ച് പ്രവർത്തിക്കാം. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ വഴികളിലൂടെ മുന്നോട്ട് പോകാം.
ഒരു സംഘടനക്കെതിരായും നമ്മൾ പോകുന്നില്ല. ഒരു സംഘടനക്കും വിരുദ്ധരാണ് ഈ പ്രവർത്തകരെന്ന് ആരും തെറ്റിദ്ധരിക്കേണ്ട.
ഈ പ്രവർത്തകർക്ക് ഒരു താത്പര്യമേയുള്ളൂ. സമസ്തയെടുക്കുന്ന തീരുമാനങ്ങൾ.
ആ തീരുമാനങ്ങൾ ശിരസ്സാവഹിച്ചുകൊണ്ട് മുന്നോട്ട് പോകാൻ ഞങ്ങൾക്ക് സാധിക്കും.
സമസ്ത ഒരു പ്രസ്ഥാനത്തെയോ സ്ഥാപനത്തെയോ വ്യക്തിയെയോ സംവിധാനത്തെയോ തെറ്റാണെന്ന് പറഞ്ഞാൽ എസ്.കെ.എസ്.എസ്.എഫും തെറ്റാണെന്ന് പറയും, സമസ്ത ശരിയെന്ന് പറഞ്ഞാൽ എസ്.കെ.എസ്.എസ്.എഫും ശരിയെന്ന് പറയും.
എന്നാൽ സമസ്ത ഒരു കാര്യം പ്രഖ്യാപിച്ചിട്ട് അതിനൊപ്പം നിന്നതിന് എസ്.കെ.എസ്.എസ്.എഫിന്റെ പ്രവർത്തകരെ വേട്ടയാടാൻ വന്നാൽ അവരെ തിരിച്ചും വേട്ടയാടാൻ ഈ പ്രസ്ഥാനത്തിന് സാധിക്കും,’ സത്താർ പറഞ്ഞു.
തങ്ങൾക്ക് സമസ്ത ഒഴികെ ആരോടും കടപ്പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയുടെ കേന്ദ്ര മുശാവറ ഒരു കാര്യം പ്രഖ്യാപിച്ചുച്ചുകഴിഞ്ഞാൽ ആ മുശാവറയുടെ തീരുമാനം നടപ്പിലാക്കാൻ അവസാന ശ്വാസം വരെ സന്നദ്ധമാകണമെന്നും തീരുമാനത്തിന് ഞാനില്ല എന്ന് പറയുന്നവരെ സമസ്തക്കും എസ്.കെ.എസ്.എസ്.എഫിനും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Will chop hands if harass Samastha leaders says SKSSF Leader Sathar panthalloor