| Saturday, 10th March 2018, 7:37 pm

ശുഹൈബ് വധക്കേസിലെ സി.ബി.ഐ അന്വേഷണം; കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്ത്യമോ ?

ലിജിന്‍ കടുക്കാരം

“രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന് നാണക്കേടാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കപ്പെടാറില്ല, ഇനി അത് സാധ്യമല്ല. ഗൂഢാലോചന അന്വേഷിച്ചേ മതിയാവൂ. കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം മാത്രമല്ല ഉള്ളത്. മറയ്ക്ക് പിന്നില്‍ ആളുകളുണ്ടെന്ന് തന്നെ സംശയിക്കണം. ആരാണ് ഇതിന് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പലരും കൈകഴുകിപ്പോകുകയാണ്. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്നില്ല. പക്ഷേ ഇത് പോര.” മട്ടന്നൂര്‍ എടയൂരില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കുടുംബം കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിച്ച കോടതി നടത്തിയ നിരീക്ഷണങ്ങളാണിത്.

ഇടയ്ക്കിടെയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ അന്വേഷണം “നിയമത്തിനു മുന്നില്‍ ഹാജരാക്കപ്പെടുന്ന” പ്രതികളിലൊതുങ്ങുന്നെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഹൈക്കോടതി ഈ നിരിക്ഷണം നടത്തിയത്. കണ്ണൂരില്‍ ആവര്‍ത്തിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ലോക്കല്‍ പൊലീസ് മുഖേന നിയമത്തിനു മുന്നില്‍ ഹാജരാക്കുന്ന പ്രതികളില്‍ അന്വേഷണം ഒതുങ്ങുന്നതും സംഭവങ്ങളുടെ ഗൂഢാലോചനയിലേക്ക് അന്വേഷണങ്ങള്‍ നീങ്ങാത്തതും കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണമാകുന്നെന്ന വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.

2018 ഫെബ്രുവരി 13 നായിരുന്നു യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ ശുഹൈബ് വെട്ടേറ്റ് കൊല്ലപ്പെടുന്നത്. എടയന്നൂര്‍ തെരൂരില്‍ വെച്ച് അക്രമികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

ശുഹൈബ്

അക്രമത്തിനു പിന്നില്‍ സി.പി.ഐ.എം ആണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചെങ്കിലും പാര്‍ട്ടിക്ക് അക്രമത്തില്‍ പങ്കില്ലെന്നായിരുന്നു സി.പി.ഐ.എം നേതൃത്വത്തിന്റെ പ്രതികരണം. എന്നാല്‍ കേസില്‍ അറസ്റ്റിലായവരെല്ലാം സി.പി.ഐ.എമ്മുമായി അടുത്ത ബന്ധമുള്ളവരായിരുന്നു.

പൊലീസ് പിടികൂടിയ പ്രവര്‍ത്തകരില്‍ ഒതുങ്ങുന്നതല്ല കൊലയാളി സംഘമെന്നും അക്രമത്തിനു പിന്നിലുള്ളവരെയും ഗൂഢാലോചനയില്‍ പങ്കാളികളായവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ശുഹൈബിന്റെ കുടുംബവും കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയെങ്കിലും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.

എന്നാല്‍ കുടുംബം നല്‍കിയ ഹരജി പരിഗണിച്ച ഹൈക്കോടതി മാര്‍ച്ച് 7 നു അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ് കൊലപാതകം നടന്ന 22 ാം ദിവസം അന്വേഷണം സി.ബി.ഐക്ക് വിടുന്നത്.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സി.ബി.ഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസ് തലശേരിയിലെ ഫസല്‍ വധക്കേസ് ആയിരുന്നു. 2006 ഒക്ടോബര്‍ 22 നു തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു ഫസല്‍ കൊല്ലപ്പെടുന്നത്.

ഫസല്‍

ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ പുരോഗതി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും കേസില്‍ നേരിട്ട് പങ്കെടുത്തവരെ മാത്രമായിരുന്നു അറസ്റ്റ് ചെയ്തത്. പിന്നീട് ഫസലിന്റെ കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് 2010 ജൂലൈ ആറിനാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്.

സി.ബി.ഐ അന്വേഷണത്തില്‍ രണ്ടു ഘട്ടങ്ങളിലായി മൂന്നുപേര്‍ കൂടി അറസ്റ്റിലായി. അന്വേഷണം സി.പി.ഐ.എമ്മിന്റെ ജില്ലാ കമ്മിറ്റി അംഗങ്ങളും സമുന്നത നേതാക്കളുമായ കാരായി രാജനിലേക്കും ചന്ദ്രശേഖരനിലേക്കും നീളുകായിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിയെയും സി.ബി.ഐ ചോദ്യം ചെയ്യുകയുണ്ടായി. തുടര്‍ന്നു 2012 ജൂണ്‍ 22 നു കാരായി രാജനും ചന്ദ്രശേഖരനും കോടതിയില്‍ ഹാജരാവുകയായിരുന്നു. സി.ബി.ഐ കുറ്റപത്രത്തില്‍ ഏഴും എട്ടും പ്രതികളാണ് സി.പി.ഐ.എമ്മിന്റെ ഈ നേതാക്കള്‍.

എന്നാല്‍ ഫസല്‍ വധക്കേസില്‍ പിടിയിലായ പ്രതികള്‍ പിന്നീട് നടത്തിയെ വെളിപ്പെടുത്തലുകള്‍ സി.പി.ഐ.എം അല്ല പ്രതിഭാഗത്തെന്ന വാദത്തിനു ശക്തി പകരുന്നതായിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടെങ്കിലും കാരായി രാജനും ചന്ദ്രശേഖരനുമെതിരെ തെളിവുകള്‍ ഹാജരാക്കാനോ കേസില്‍ അന്തിമ വിധിയിലേക്ക് എത്തിക്കാനോ സി.ബി.ഐക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

രാഷ്ട്രീയ കൊലപാതകങ്ങളില്‍ കണ്ണൂരിലെ ഉന്നത നേതാക്കള്‍ പ്രതിചേര്‍ക്കപ്പെടുന്നത് ഈ സി.ബി.ഐ അന്വേഷണത്തിലൂടെയാണ്. എന്നാല്‍ ശുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം സി.പി.ഐ.എം നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ തള്ളുകയാണുണ്ടായത്.

കാരായി രാജനും കാരായി ചന്ദ്രശേഖരനും

സര്‍ക്കാരിനും സി.പി.ഐ.എമ്മിനുമേറ്റ കനത്ത തിരിച്ചടിയായാണ് ഹൈക്കോടതി വിധിയെ രാഷ്ട്രീയ കേരളം നോക്കി കണ്ടത്. കൊലപാതകത്തിന് പിന്നിലെ വന്‍ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞ കോടതി പൊലീസിനെതിരെ ഗുരുതരമായ നിരീക്ഷണങ്ങളായിരുന്നു നടത്തിയത്. കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐക്ക് മാത്രമേ കഴിയുവെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ജസ്റ്റിസ് ബി. കമാല്‍പാഷ കേസ് സി.ബി.ഐക്ക് കൈമാറിയത്.

രാഷ്ട്രീയ നേതാക്കള്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ ബ്രെയിന്‍ വാഷ് ചെയ്ത് ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ ഉപയോഗിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണെന്നും ഇതിന് ഒരു അറുതിയുണ്ടാകണമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. “എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ സുഹൃദ്ബന്ധമുണ്ട്. എന്നാല്‍ അണികള്‍ക്കിടയില്‍ സ്ഥിതി അതല്ല. പ്രവര്‍ത്തകര്‍ക്കിടയില്‍ സ്പര്‍ധ നിലനിര്‍ത്താന്‍ മസ്തിഷ്‌ക പ്രക്ഷാളനം നടക്കുന്നുണ്ടെന്ന് വേണം കരുതാന്‍. എതിരാളികളെ ഇല്ലാതാക്കാന്‍ നേതാക്കള്‍ പ്രവര്‍ത്തകരെ കരുക്കളാക്കുകയാണ്. ഈ നാടകം ഇനി അനുവദിക്കാനാവില്ല” എന്നായിരുന്നു ജസ്റ്റിസിന്റെ വാക്കുകള്‍.

സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് കോടതി നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന് നിര്‍ദേശിക്കാനുള്ള അധികാരം കോടതിക്ക് ഉണ്ടെന്നതിനാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാരിനെതിരായ വിമര്‍ശനവും കോടതി നിരീക്ഷണവും

കേസില്‍ സര്‍ക്കാറിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കേസില്‍ പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് തുറന്നടിച്ച കോടതി നടപടികള്‍ ഫലപ്രദമല്ലെന്നും പറഞ്ഞു. പ്രതികളുടെ സാന്നിധ്യത്തിലല്ലാതെ ആയുധം കണ്ടെടുത്തത് തന്നെ കള്ളക്കളിയാണെന്ന് പറഞ്ഞ കോടതി ഗൂഢാലോചന അന്വേഷിക്കുന്നില്ലെന്ന ഹരജിക്കാരുടെ വാദത്തില്‍ കഴമ്പുണ്ടെന്നും വ്യക്തമാക്കി.

രാഷ്ട്രീയ കൊലപാതങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. ഇതിന് അറുതി വരുത്തണം. അന്വേഷണം സത്യസന്ധവും സുതാര്യവും നീതിയുക്തവുമായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴും സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. നിലവിലെ അന്വേഷണ നടപടികള്‍ ഫലപ്രദമല്ലെന്ന് പറഞ്ഞ കോടതി തുടര്‍കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും വ്യക്തമാക്കി.

“ആരാണ് ഇതിന് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പലരും കൈകഴുകിപ്പോകുകയാണ്. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്നില്ല. പക്ഷേ ഇത് പോര. ഇത്രയും ദിവസം പ്രതികളെ കസ്റ്റഡിയില്‍ കിട്ടിയിട്ടും അവരില്‍ നിന്ന് വിവരങ്ങള്‍ നേടിയെടുക്കാന്‍ പൊലീസിന് സാധിച്ചില്ല. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ വളരെ വളരെ വൈകിയാണ് കണ്ടെത്തിയത്. പ്രതികളുടെ സാന്നിധ്യത്തിലല്ലാതെ ആയുധങ്ങള്‍ കണ്ടെടുത്തത് തന്നെ കള്ളക്കളിയാണെന്നും” കോടതി ചൂണ്ടിക്കാട്ടി.

“രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന് നാണക്കേടാണ്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ശുഹൈബിനെ വെട്ടിക്കൊന്നത്. എന്നിട്ടും കേസില്‍ യു.എ.പി.എ ചുമത്താത്തത് ദുരൂഹമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കപ്പെടാറില്ല. ഇനി അത് സാധ്യമല്ല. ഗൂഢാലോചന അന്വേഷിച്ചേ മതിയാവൂ. കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം മാത്രമല്ല ഉള്ളത്. മറയ്ക്ക് പിന്നില്‍ ആളുകളുണ്ടെന്ന് തന്നെ സംശയിക്കണം. കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം അന്വേഷണം നിഷ്പക്ഷമാണെന്ന് പറയാനാവില്ല. അന്വേഷണ സംഘത്തിന്റെ കൈകള്‍ കെട്ടിയിടപ്പെട്ടതായി തോന്നുന്നു. സി.പി.ഐ.എം ഉന്നത നേതാക്കളുമായി ഒന്നാം പ്രതിക്ക് അടുത്ത ബന്ധമുള്ളതിനാല്‍ ലോക്കല്‍ പൊലീസില്‍ നിന്നും നീതി ലഭിക്കില്ലെന്ന ഹരജിക്കാരുടെ ആശങ്കയില്‍ ന്യായമുണ്ട്. ശരിയായ വിചാരണ മാത്രമല്ല ശരിയായ അന്വേഷണവും നീതി നടത്തിപ്പിന്റെ അടിസ്ഥാന തത്വമാണ്. ഭരണഘടനാവകാശങ്ങളുടെ ഭാഗമാണ്.” കോടതി നിരീക്ഷിച്ചു.

വാദത്തിനിടെ ഈ ഹരജി പരിഗണിക്കേണ്ടത് ഡിവിഷന്‍ ബെഞ്ചാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചതും കോടതിയുടെ വിമര്‍ശനത്തിനിടയാക്കി. താന്‍ മുന്‍പും സി.ബി.ഐ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും അതിനുള്ള അധികാരം കോടതിക്കുണ്ടെന്നും ജസ്റ്റിസ് കമാല്‍പാഷ ഓര്‍മിപ്പിച്ചു.

സര്‍ക്കാര്‍ വാദം

സി.ബി.ഐ അന്വേഷണത്തെ ശക്തമായി എതിര്‍ത്തുകൊണ്ടായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് പൊലീസ് നടത്തുന്നതെന്നും പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. കൊലയ്ക്ക് പ്രതികള്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്ന പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യും. കേസില്‍ പ്രതിയായ ബിജുവും ശുഹൈബും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത് എന്നും സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം കേസില്‍ ആകെ പതിനൊന്ന് പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂവെന്നും കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് കേസില്‍ നിന്ന് നീതി ലഭിക്കില്ല. കേസുമായി ബന്ധപ്പെട്ട് ഒരു നേതാവിനെപ്പോലും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മധുവിന്റെ വീട്ടില്‍ പോയ മുഖ്യമന്ത്രി ശുഹൈബിന്റെ വീട്ടില്‍ പോയില്ല. ഈ കേസില്‍ കേരള പൊലീസ് ഉറക്കം നടിക്കുകയാണ്. കോടതിയില്‍ ഹരജി വന്നപ്പോഴാണ് ആയുധം കണ്ടെത്തിയത്. സി.പി.ഐ.എമ്മിലെ കണ്ണൂര്‍ ലോബി സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് ഇതെന്നും ഹരജിക്കാരന്‍ വാദിച്ചു.

പിണറായി വിജയന്‍

എന്നാല്‍ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോയതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സി.ബി.ഐ അന്വേഷണത്തോട് പ്രതികരിച്ചത്. “കേസ് സി.ബി.ഐക്ക് വിടാന്‍ ഹൈക്കോടതിക്ക് കാരണങ്ങളുണ്ടാകും. അതേക്കുറിച്ച് അറിയില്ല. കേസന്വേഷണം ശരിയായ രീതിയിലായിരുന്നെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടായിരുന്നു. കേസില്‍ യു.എ.പി.എ ചുമത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ശരിയായ വഴിക്കാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. അന്വേഷണത്തില്‍ കണ്ടെത്തിയ പ്രതികള്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന് ആരും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ വേറൊരു അന്വേഷണത്തെകുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല.” അദ്ദേഹം പറഞ്ഞു.

സി.ബി.ഐ അന്വേഷണം രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്ത്യം കുറിക്കും ?

ശുഹൈബ് വധക്കേസിലെ അന്വേഷണം സ്വാഗതാര്‍ഹമാണെന്നും രാഷ്ട്രീയകൊലപാതകങ്ങളുടെ അന്ത്യം കുറിക്കാന്‍ ഇതോടെ സാധ്യമാകട്ടെയെന്നും മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. “ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് പറഞ്ഞ സി.പി.ഐ.എം പിന്നീട് പിറകോട്ട് പോയതും സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തതും സംശയാസ്പദമാണ്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരേയും നിയമത്തിന് മുന്നില്‍കൊണ്ടുവരണം. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് കൃത്യത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ സഹായിക്കും. അത് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്” കെ.പി.എ മജീദ് പറഞ്ഞു.

ശുഹൈബ് കേസ് സി.ബി.ഐക്ക് വിട്ടത് ഇടത് സര്‍ക്കാരിനേറ്റ പ്രഹരമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടിയാണ് ഇപ്പോഴത്തെ വിധിയെന്നും ചെന്നിത്തല പ്രതികരിച്ചു.

ഷുഹൈബ് വധക്കേസ് അന്വേഷണം ഹൈക്കോടതി സി.ബി.ഐക്കു വിട്ടതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.ഐ.എമ്മുകാരും തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയിലായെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണിയുടെ പ്രതികരണം.

എ.കെ. ആന്റണി

“സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയായ വിധി മുഖ്യമന്ത്രിക്കുള്ള മുന്നറിയിപ്പാണ്. കണ്ണൂരിനെയും കേരളത്തിലെ മറ്റു സംഘര്‍ഷമേഖലകളെയും രാഷ്ട്രീയകൊലപാതകങ്ങളില്‍നിന്നു മോചിപ്പിക്കാന്‍ വിധി സഹായകമാകും. കൊലപാതകത്തിനുശേഷം വാടകഗുണ്ടകളെ ഹാജരാക്കി കേസുകള്‍ തേച്ചുമാച്ചു കളയുന്ന രീതിയാണു കണ്ണൂരിലേത്. ടി.പി. വധക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടതും ഇത്തരം നീക്കങ്ങളിലൂടെയാണ്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കൊല്ലിച്ചവര്‍ക്കും ശിക്ഷ ഉറപ്പാക്കിയാലേ കൊലപാതകരാഷ്ട്രീയത്തിന് അവസാനമാകൂ. മുഖംനോക്കാതെ നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം പോലീസിനു നല്‍കണം” ആന്റണി പറഞ്ഞു.

ഫസല്‍ വധക്കേസില്‍ സി.പി.ഐ.എം നേതാക്കളെ പ്രതിചേര്‍ത്തപ്പോഴും ഉയര്‍ന്നു കേട്ടതായിരുന്നു കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനു അറുതിയാകുന്നു എന്നത്. എന്നാല്‍ ഫസല്‍ കൊല്ലപ്പെട്ടതിനു ശേഷവും കണ്ണൂരില്‍ നിരവധി കൊലപാതകങ്ങള്‍ നടന്നു കഴിഞ്ഞു. നിരവധി സി.പി.ഐ.എം പ്രവര്‍ത്തകരും ആര്‍.എസ്.എസ് പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. സി.ബി.ഐ അന്വേഷണങ്ങള്‍ക്കു അവസാനിപ്പിക്കാന്‍ കഴിയുന്നതാണോ കണ്ണൂരിലെ “പകയുടെ രാഷ്ട്രീയമെന്നത്” ഇന്നും ചോദ്യമായി തുടരുകയാണ്.

ലിജിന്‍ കടുക്കാരം

We use cookies to give you the best possible experience. Learn more