| Saturday, 23rd November 2024, 9:34 am

ഭിന്നിപ്പ് ഉണ്ടാക്കും; ഇസ്രഈല്‍ മുന്‍മന്ത്രിക്ക് വിസ നിഷേധിച്ച് ഓസ്‌ട്രേലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാന്‍ബറ: ഇസ്രഈല്‍ മുന്‍മന്ത്രി ആയലെത്ത് ഷാക്കെദിന് വിസ നിഷേധിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഇസ്രഈലിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യാമിന പാര്‍ട്ടിയുടെ മുന്‍ എം.പിയായ ഷാക്കെദ് ഓസ്‌ട്രേലിയ- ഇസ്രഈല്‍ ജൂയിഷ് അഫേഴ്‌സ് കൗണ്‍സിലില്‍ പങ്കെടുക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയാണ് ഓസ്‌ട്രേലിയന്‍  സര്‍ക്കാര്‍ തള്ളിയത്.

ഷാക്കേദ് ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമം നടത്തും എന്നാണ് വിസ നിഷേധിക്കാന്‍ കാരണമായി ഓസ്‌ട്രേലിയെന്‍ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയത്.

രാജ്യത്തെ നിയമങ്ങള്‍ പ്രകാരം ഓസ്ട്രേലിയക്കാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനോ പ്രാദേശിക കമ്മ്യൂണിറ്റിയില്‍ ഭിന്നതയുണ്ടാക്കുന്നതിനോ സാധ്യതയുള്ള വ്യക്തികള്‍ക്ക് വിസ നിഷേധിക്കാന്‍ സര്‍ക്കാരിന് അനുവാദമുണ്ട്. അതേസമയം ഫലസ്തീനോട് താന്‍ സ്വീകരിച്ച ശക്തമായ നിലപാട് കാരണമാണ് വിലക്ക് നേരിട്ടെന്നതെന്നാണ് ഷാക്കേദ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.

‘ഇത് ഓസ്ട്രേലിയന്‍ ജനാധിപത്യത്തിന്റെ ഇരുണ്ട ദിവസങ്ങളാണ്. ഈ സര്‍ക്കാര്‍ ചരിത്രത്തിന്റെ തെറ്റായ വശം തെരഞ്ഞെടുക്കുകയായിരുന്നു,’ ഷാക്കേദ് പറഞ്ഞു.

2023 ഒക്ടോബറില്‍ ഗസയില്‍ ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഇസ്രഈല്‍ ചാനലായ ചാനല്‍ 13ന് നല്‍കിയ അഭിമുഖത്തില്‍വെച്ച് എല്ലാ ഫലസ്തീനികളെയും ഗസയില്‍ നിന്ന് പുറത്താക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തിരുന്നു.

എന്നിട്ട് ഇവിടങ്ങളില്‍ ജൂതന്മാരും മറ്റ് രാജ്യക്കാരും കുടിയേറണമെന്നും ഇതിനായി രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അവര്‍ പറഞ്ഞിരുന്നു.

2015-19 കാലയളവില്‍ നീതി വകുപ്പ് മന്ത്രിയായും 2021-22 വര്‍ഷങ്ങളില്‍ ആഭ്യന്തര മന്ത്രിയായും ഷാക്കേദ് ഇസ്രഈല്‍ മന്ത്രി സഭയില്‍ പ്രവര്‍ത്തിച്ചിരുന്നു.

Content Highlight: will cause division; Australia denies visa to former Israeli minister

We use cookies to give you the best possible experience. Learn more