| Thursday, 12th January 2023, 7:32 pm

കര്‍ഷകനെ കൊന്ന കടുവയെ പിടികൂടാന്‍ തീരുമാനിച്ചെന്ന് അധികൃതര്‍; മയക്കുവെടി വെക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുശ്ശേരി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് കര്‍ഷകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നടപടികള്‍ക്കൊരുങ്ങി അധികൃതര്‍. പുതുശ്ശേരിയില്‍ ഇറങ്ങിയ കടുവയെ പിടികൂടാന്‍ അധികൃതര്‍ തീരുമാനിച്ചതായി വിവിധ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മയക്കുവെടിവെച്ച് പിടികൂടാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അധികൃതര്‍ പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് തൊണ്ടര്‍നാട്, തവിഞ്ഞാല്‍ എന്നീ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് തോമസ് എന്ന അമ്പതുവയസുകാരനെ വീടിനടുത്ത് വെച്ച് കടുവ ആക്രമിക്കുന്നത്. ഇയാളുടെ കയ്യുകള്‍ക്കും കാലിനും ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു.

തോമസിനെ ഉടനടി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും വിദഗ്ധ ചികിത്സക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തോമസ് മരണപ്പെടുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം കടുവയെ കണ്ടത്. തുടര്‍ന്ന് പൊലീസെത്തി അന്വേഷണം നടത്തുന്നതിനിടയിലാണ് തോമസിനെ കടുവ ആക്രമിച്ചത്.

കാടിനോട് ചേര്‍ന്നുള്ള പ്രദേശമല്ലാത്ത വെള്ളാരംകുന്നില്‍ കടുവയിറങ്ങിയത് സമീപവാസികളെയടക്കം ആശങ്കയിലാക്കിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് വക്കേരിയില്‍ കടുവയുടെ ജഡം കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചീരലില്‍ കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചത് ഭീതി പടര്‍ത്തിയിരുന്നു.

അതേസമയം, തോമസിന്റെ മരണത്തെ തുടര്‍ന്ന് വെള്ളാരംകുന്നില്‍ ശക്തമായ പ്രതിഷേധം രൂപപ്പെടുന്നുണ്ട്. പ്രദേശത്ത് വനപാലകരെ പ്രദേശവാസികള്‍ തടഞ്ഞു. തൊണ്ടര്‍നാട് പഞ്ചായത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Will caught the tiger who attacked and killed farmer in Wayanad

We use cookies to give you the best possible experience. Learn more