| Wednesday, 14th February 2024, 3:23 pm

ഹമാസ് തലവൻ യഹിയ സിൻവറിനെ ജീവനോടെയോ അല്ലാതെയോ പിടികൂടും: ഇസ്രഈൽ സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഹമാസ് നേതാവ് യഹിയ സിൻവറിനോടടുക്കുകയാണ് തങ്ങളെന്നും ജീവനോടെയോ അല്ലാതെയോ സിൻവറിനെ പിടികൂടുമെന്നും ഇസ്രഈൽ സേന.

ഫെബ്രുവരി 13 അർധരാത്രി ഇസ്രഈൽ സൈനിക വക്താവ് ഡാനിയേൽ ഹെഗരിയാണ് പ്രഖ്യാപനം നടത്തിയത്.

ഒക്ടോബർ ഏഴിലെ ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ യഹിയ സിൻവർ ആണെന്ന് ആരോപിച്ച ഹെഗരി, സിൻവറിന്റെ യഥാർത്ഥ ലൊക്കേഷൻ സംബന്ധിച്ച് വിവരങ്ങൾ ഇസ്രഈൽ ഇന്റലിജൻസ് ഏജൻസികൾക്ക് ലഭിച്ചുവെന്നും പറഞ്ഞു.

തന്റെ കുടുംബാംഗങ്ങളോടൊപ്പം ഗസയിലെ തുരങ്കത്തിലൂടെ സിൻവർ നടന്നുപോകുന്നു എന്ന് പറഞ്ഞ് ഇസ്രഈൽ സേന കഴിഞ്ഞ ദിവസം വീഡിയോ ഫൂട്ടേജ് പുറത്തുവിട്ടിരുന്നു.

ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് ഒക്ടോബർ 10ന് എടുത്തതാണെന്നും ഗസ നഗരത്തിലെ ഖാൻ യൂനിസിലെ തുരങ്കത്തിൽ നിന്നുള്ളതാണെന്നുമാണ് ഇസ്രഈൽ പറയുന്നത്.

ക്യാമറയോട് പുറം തിരിഞ്ഞുനടക്കുന്ന വീഡിയോയിലുള്ളത് സിൻവർ തന്നെയാണെന്ന് അദ്ദേഹത്തിന്റെ ശരീര പ്രകൃതവും ചെവിയും നോക്കിയാണ് മനസിലാക്കിയതെന്നും നിർമിത ബുദ്ധിയുടെ സഹായം തേടിയെന്നും ചാനൽ 12 റിപ്പോർട്ട് ചെയ്തു.

വെടിനിർത്തൽ സംബന്ധിച്ച് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കേ സിൻവർ കഴിഞ്ഞ 11 ദിവസമായി ബന്ധപ്പെടുന്നില്ലെന്ന് ചാനൽ 12 നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിലാണ് ഹമാസ് നിരവധി തീരുമാനങ്ങൾ എടുത്തതെന്നാണ് ഇസ്രഈലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സിൻവറിനെ ബന്ധപ്പെടാൻ കഴിയാത്തത് ചർച്ചകൾ മന്ദഗതിയിലാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlight: Will capture Hamas leader Sinwar dead or alive, says IDF

We use cookies to give you the best possible experience. Learn more