പ്രജ്ഞയ്‌ക്കെതിരായ തെളിവുകള്‍ വോട്ടര്‍മാരെ വായിച്ചു കേള്‍പ്പിക്കും; പ്രജ്ഞ സിങിനെതിരെ പ്രചാരണത്തിനിറങ്ങുമെന്ന് മലേഗാവ് സ്‌ഫോടനത്തിന് ഇരയായവരുടെ കുടുംബങ്ങള്‍
ഭോപാല്‍: മലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളടക്കം 200 ഓളം സാമൂഹ്യ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം ഭോപാലില്‍ പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ പ്രചാരണത്തിനിറങ്ങും. ഭോപാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ പ്രജ്ഞ സിങ്.
വിരമിച്ച ബോംബെ ഹൈക്കോടതി ജഡ്ജ് ബി.ജി കോല്‍സെ പാട്ടില്‍ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. താക്കൂറിനെതിരെ പ്രചാരണം നടത്താന്‍ ഞാന്‍ ഭോപാലിലേക്ക് പോകും. വോട്ടര്‍മാര്‍ക്ക് താക്കൂറിനെതിരെയുള്ള തെളിവുകള്‍ വായിച്ചു കേള്‍പ്പിക്കും. പാട്ടില്‍ പറയുന്നു.
പ്രജ്ഞ നിഷ്‌കളങ്കരായ സാധാരണക്കാരുടെ മരണത്തിന് കാരണക്കാരിയാണെന്നും പാട്ടില്‍ പറഞ്ഞു. അവര്‍ക്കെതിരെയുള്ള തെളിവുകള്‍ കൃത്യമാണ്. സ്‌ഫോടനം നടത്തുന്നതിന്റെ ഭാഗമായി നടത്തിയ നാല് മീറ്റിങ്ങുകളിലും അവര്‍ ഭാഗമായിരുന്നു പാട്ടില്‍ പറയുന്നു.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടേയും, പരിക്കേറ്റവരുടേയും കുടുംബാംഗങ്ങള്‍ പ്രചാരണത്തിന്റെ ഭാഗമാവുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ അഞ്ജും ഇനാംദാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഹിന്ദുത്വ തീവ്രവാദ ഗൂഢാലോചനകള്‍ ഞങ്ങള്‍ പുറത്തു കൊണ്ടു വരും. വോട്ടര്‍മാരോട് താക്കൂറിനെതിരെ വോട്ടു ചെയ്യാന്‍ ആവശ്യപ്പെടും ഇനാംദാര്‍ പറയുന്നു.
പ്രജ്ഞ സിങിനെ ഭോപാലില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസറിന്റെ പിതാവ് നിസാര്‍ അഹ്മദ് സയ്യിദ് ബിലാല്‍ എന്‍.ഐ.എ കോടതിയെ സമീപിച്ചിരുന്നു.
വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനാലും, പ്രജ്ഞ സിങ്ങിന്റെ ജാമ്യം റദ്ദു ചെയ്യാനുള്ള അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലും, പ്രജ്ഞ സിങ്ങിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയണമെന്ന് നിസാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ജാമ്യത്തിലുള്ള സ്വാധിയോട് നിസാറിന്റെ ആവശ്യത്തിന് മറുപടി നല്‍കണമെന്ന് സ്പെഷ്യല്‍ ജഡ്ജ് വി.എസ്. പദല്‍ക്കര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
‘പ്രജ്ഞ സിങ്ങിനെതിരെ എന്‍.ഐ.എയ്ക്ക് ഒന്നും പറയാനില്ലാത്ത സാഹചര്യത്തില്‍ ബോംബ് സ്ഥോടനത്തിന് ഇരയായവരുടെ കുടുംബത്തെ ആഴത്തില്‍ വേദനിപ്പിച്ച ഇപ്പോഴത്തെ സംഭവം കോടതിയെ ബോധിപ്പിക്കേണ്ടത് തന്റെ കടമയായി കരുതുന്നുവെന്ന്’ നിസാര്‍ പറയുന്നു. നേരത്തെ പ്രജ്ഞയുടെ ജാമ്യാപേക്ഷയ്ക്കെതിരേയും നിസാര്‍ കോടതിയെ സമീപിച്ചിരുന്നു.
എട്ടു വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ പ്രജ്ഞയ്ക്ക് 2017ലാണ് ജാമ്യം ലഭിച്ചത്. തനിക്ക് സ്തനാര്‍ബുദമാണെന്നും മറ്റുള്ളവരുടെ പിന്തുണയില്ലാതെ നടക്കാന്‍ കഴിയില്ലെന്നും പ്രജ്ഞ സിങ്ങ് കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കനത്ത വെയിലിലും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പൂര്‍ണ ആരോഗ്യം പ്രജ്ഞ സിങ്ങിനുണ്ടെന്നും, അവര്‍ കോടതിയെ തെറ്റദ്ധരിപ്പിക്കുകയായിരുന്നെന്നും നിസാര്‍ കോടിയോട് പറഞ്ഞിരുന്നു.
എന്നാല്‍ നിസാര്‍ തനിക്കെതിരെ കോടതിയെ സമീപിച്ചത് പ്രശസ്തിക്കു വേണ്ടിയാണെന്നായിരുന്നു പ്രജ്ഞയുടെ വാദം.