| Friday, 19th January 2018, 9:52 am

'പദ്മാവത് റിലീസ് ചെയ്താല്‍ സഞ്ജയ് ലീലാ ബന്‍സാലിയേയും ദീപികയേയും ജീവനോടെ കുഴിച്ചുമൂടും'; ചാനല്‍ ചര്‍ച്ചക്കിടെ ഭീഷണിയുമായി രജ്പുത് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: “പദ്മാവത്” സിനിമ റിലീസ് ചെയ്യുകയാണെങ്കില്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയേയും നായിക ദീപിക പദുക്കോണിനേയും ജീവനോടെ കുഴിച്ചുമൂടുമെന്ന് രജ്പുത് നേതാവ് താക്കൂര്‍ അഭിഷേക് സോം. സി.എന്‍.എന്‍ ന്യൂസ് 18 നടത്തിയ ചര്‍ച്ചക്കിടെയാണ് രജ്പുത് നേതാവിന്റെ ഭീഷണി.

പദ്മാവത് റിലീസ് ചെയ്യുന്നതിനുള്ള വിലക്ക് നീക്കിയ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ചാനല്‍ ചര്‍ച്ച. പദ്മാവതിയെ ദേവിയായി ആരാധിക്കുന്നവരാണ് തങ്ങളെന്നും സോം പറഞ്ഞു.

” ഞങ്ങള്‍ പദ്മാവത് എന്ന സിനിമയെ ശക്തമായി എതിര്‍ക്കുന്നു. കാരണം അവര്‍ ഞങ്ങളുടെ ദേവിയാണ്. ഞങ്ങളുടെ മുന്‍ഗാമികള്‍ അവരെ ആരാധിച്ചിരുന്നു. ഞങ്ങളും ആരാധിക്കും. ഇനി വരാനിരിക്കുന്ന തലമുറയും ആരാധിക്കും.”

ഞങ്ങള്‍ സുപ്രീംകോടതിയെ ബഹുമാനിക്കുന്ന പോലെ ഞങ്ങളുടെ വികാരങ്ങളെ സുപ്രീംകോടതിയും മാനിക്കണമെന്നും സോം പറയുന്നു.

അതേസമയം ചിത്രത്തിന്റെ വിലക്ക് സുപ്രീംകോടതി നീക്കിയെങ്കിലും പദമാവതിനെതിരെ കര്‍ണിസേനയുടെ ആക്രമണം തുടരുകയാണ്. നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കിയതിനു പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കാനിരുന്ന തിയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു.

ബീഹാറിലെ മുസഫര്‍പൂരിലെ തിയേറ്ററാണ് കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ഈ മാസം 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ബീഹാറിലെ എല്ലാ തിയേറ്ററുകളും ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു. എന്നാല്‍ പാട്‌നയിലെ ഒരു തീയേറ്റര്‍ മാത്രമാണ് പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ട് വന്നത്.

ബിഹാറില്‍ മുസഫര്‍പൂരിനു പുറമേ മറ്റിടങ്ങളിലും കര്‍ണി സേന പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. തിയേറ്ററുകള്‍ “പദ്മാവത്” പ്രദര്‍ശിപ്പിച്ചാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് രജ്പുത് സംഘടനാ തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വി മുന്നറിയിപ്പ് നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more