മന്ത്രവാദത്തിനും അഘോരി ആചാരങ്ങൾക്കുമെതിരെ ബിൽ കൊണ്ടുവരും; ഗുജറാത്ത് സർക്കാർ
NATIONALNEWS
മന്ത്രവാദത്തിനും അഘോരി ആചാരങ്ങൾക്കുമെതിരെ ബിൽ കൊണ്ടുവരും; ഗുജറാത്ത് സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2024, 9:35 am

ജയ്പൂർ: മന്ത്രവാദവും അഘോരി ആചാരങ്ങളും തടയുന്നതിനായി ബിൽ കൊണ്ടുവരുമെന്ന് ഗുജറാത്ത് സംസ്ഥാന സർക്കാർ. സ്വയം ആൾദൈവങ്ങളെന്ന് പറയുന്നവരും മന്ത്രവാദികളും ദുർമന്ത്രവാദക്രിയകൾ ചെയ്യുന്നവരും പൊതുജനങ്ങളെ വഞ്ചിക്കുകയാണ്. അതിനെതിരെ നിയമ നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹരജിക്ക് പിന്നാലെയാണ് സർക്കാരിന്റെ നീക്കം.

സംസ്ഥാനത്ത് നടക്കുന്ന നിയമവിരുദ്ധമായ താന്ത്രിക പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ അന്ധശ്രദ്ധ നിർമൂൽ സമിതിയാണ് പൊതുതാത്പര്യ ഹരജി സമർപ്പിച്ചത്.

ഈ ഹരജിക്ക് മറുപടിയായി സംസ്ഥാന ആഭ്യന്തര വകുപ്പ് സത്യവാങ്മൂലം നൽകുകയും വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂലൈ 23 ന് യോഗം ചേരുകയും ചെയ്‌തു.

‘അഘോരി ആചാരങ്ങൾ പോലുള്ള മന്ത്രവാദവും മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളും തടയാൻ വേണ്ടിയുള്ള നിയമനിർമാണത്തിനായുള്ള കരട് ബിൽ ഗുജറാത്ത് നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ കൊണ്ടുവരുന്നതാണ്,’ സത്യവാങ്മൂലത്തിൽ പറയുന്നു.

 

ആൾദൈവങ്ങളായും അഘോരികളായും ഓജകളായും പ്രവർത്തിക്കുന്ന ചിലർ തങ്ങളുടെ ആചാരങ്ങളിലൂടെ ആളുകളെ വഞ്ചിക്കുകയും ചില സന്ദർഭങ്ങളിൽ കുട്ടികളെയും സ്ത്രീകളെയും ബലിയർപ്പിക്കുകയും ചെയ്യുന്നുവെന്ന് അതിൽ പറയുന്നു.

ദുർമന്ത്രവാദത്തിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അവളുടെ പിതാവും അമ്മാവനും പീഡിപ്പിച്ചു കൊന്നിരുന്നു. അത് പോലെ ക്രൂരമായ നരബലിയിൽ കർഷക ദമ്പതികൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിരുന്നു.

ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ഗുജറാത്തിലെ ആദിവാസി മേഖലകളിൽ ധാരാളമായി വ്യാപകമായതിനാൽ ഇത് തടയാൻ നിയമനിർമാണം കൊണ്ടുവരാൻ പൊതുതാത്പര്യ ഹരജിയിൽ കോടതിയോട് ആവശ്യപ്പെടുന്നുണ്ട്.

ഗുജറാത്തിന്റെ അയൽ സംസ്ഥാങ്ങളിൽ ദുർമന്ത്രവാദത്തിനെതിരെയുള്ള നിയമം നിലവിലുണ്ടെന്നും ഹരജിയിൽ പറയുന്നുണ്ട്.

പ്രിവൻഷൻ ആന്റ് ഇറാഡിക്കേഷൻ ഓഫ് ഹ്യൂമൻ സാക്രിഫൈസ് ആന്റ് അദർ ഇൻഹ്യൂമൻ, ഈവിൾ ആന്റ് അഘോരി പ്രാക്ടീസസ് ആന്റ് ബ്ലാക്ക് മാജിക് ആക്ട് 2013 മഹാരാഷ്ട്ര നടപ്പിലാക്കിയിട്ടുണ്ടെന്നും സമാനമായ നിയമങ്ങൾ കർണാടക , രാജസ്ഥാൻ, അസം, എന്നിവിടങ്ങളിലും നടപ്പിലാക്കിയിട്ടുണ്ടെന്നും ഹരജിക്കാരൻ കൂട്ടിച്ചേർത്തു.

 

കേസ് അവസാനമായി ഓഗസ്റ്റ് രണ്ടിനാണ് പരിഗണിച്ചത്. കേസ് വീണ്ടും ഓഗസ്റ്റ് 23 ണ് ചീഫ് ജസ്റ്റിസ് സുനിത അഗർവാളിന്റെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

 

 

 

 

 

 

Content Highlight: Will bring draft bill against black magic, aghori practices: Gujarat government to HC