ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബ്രാഹ്മണസമൂഹത്തെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന ബി.ജെ.പിയേയും ബി.എസ്.പിയേയും പരിഹസിച്ച് കോണ്‍ഗ്രസ്. ബ്രാഹ്മണന്മാരോട് ഇത്രയധികം സ്‌നേഹമുള്ളവര്‍ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എന്തുകൊണ്ട് ഒരു ബ്രാഹ്മണനെ ഉയര്‍ത്തിക്കാണിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് മീഡിയ കണ്‍വീനറായ ലലന്‍ കുമറാണ് ഇത്തരത്തില്‍ പരിഹസിച്ചത്. ഉത്തര്‍പ്രദേശിന് ഏറ്റവുമധികം ബ്രാഹ്മണരായ മുഖ്യമന്ത്രിമാരെ സംഭാവന ചെയ്തത് കോണ്‍ഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എല്ലാവരും ബ്രാഹ്മണരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുകയാണ്, നിലവിലെ ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ നിരവധി അടിച്ചമര്‍ത്തലുകള്‍ നേരിട്ടവരാണ് ബ്രാഹ്മണര്‍. തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴാണ് കാവി പാര്‍ട്ടിക്ക് അവരെ ഓര്‍ക്കാനായി സാധിച്ചത്,’ ലലന്‍ കുമാര്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച ബ്രാഹ്മണര്‍ക്കായി ഉത്തര്‍പ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലും പ്രത്യേക സമ്മേളനങ്ങള്‍ നടത്തുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ബി.എസ്.പിയും ഇതിന് സമാനമായ സമ്മേളനങ്ങള്‍ നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
മറ്റു പാര്‍ട്ടികള്‍ ബ്രാഹ്മണരെ പ്രീതിപ്പെടുത്താന്‍ പുതിയ നാടകവുമായി എത്തിയിരിക്കുകാണന്ന് പറഞ്ഞ ലലന്‍ കുമാര്‍ ഇതു വരെ അവര്‍ എത്ര ബ്രാഹ്മണ മുഖ്യമന്ത്രിമാരെ സംസ്ഥാനത്തിന് സംഭാവന നല്‍കിയെന്നും ചോദിച്ചു.