| Friday, 18th December 2020, 3:25 pm

ഒടുവില്‍ മോദി സമ്മതിച്ചു; കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തലകുനിക്കുന്നു; ചര്‍ച്ചയ്ക്ക് തയ്യാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് മോദി പറഞ്ഞത്.

താങ്ങുവില ഇല്ലാതാക്കുമെന്നത് കള്ള പ്രചരണമാണെന്നും നിയമം വന്ന ശേഷവും താങ്ങുവില പ്രഖ്യാപിച്ചെന്നും മോദി അവകാശപ്പെട്ടു.

ഒരു പൊതു ചന്തയും പൂട്ടില്ലെന്നും മോദി അവകാശപ്പെട്ടു.

മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

കൃഷിമന്ത്രി നരേന്ദ്ര തോമറിന് പറയാനുള്ളത് ജനങ്ങള്‍ കേള്‍ക്കണമെന്ന് നേരത്തെ മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

”കൃഷിമന്ത്രി നരേന്ദ്ര തോമര്‍ കര്‍ഷക സഹോദരങ്ങള്‍ക്ക് ഒരു കത്തെഴുതി തന്റെ വികാരങ്ങള്‍ പങ്കുവെക്കുകയും ഒരു എളിയ സംഭാഷണം ആരംഭിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ കര്‍ഷകരും ഇത് വായിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ സന്ദേശം പ്രചരിപ്പിക്കാന്‍ രാജ്യത്തെ ജനങ്ങളോട് ഞാന്‍ അപേക്ഷിക്കുന്നു,” എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

അതേസമയം, കര്‍ഷകരുടെ പ്രശ്നം സര്‍ക്കാരിനെക്കൊണ്ട് പരിഹരിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കുന്നത് കര്‍ഷകരുമായി ചര്‍ച്ചകള്‍ക്ക് സാധ്യത ഉണ്ടാക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെച്ചാല്‍ കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് മുന്നോട്ട് വരില്ലെന്നാണ് കേന്ദ്രം വാദിച്ചത്.

ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേദനങ്ങള്‍ കേള്‍ക്കവേയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തെ അംഗീകരിക്കുന്നതായി കോടതി പറഞ്ഞു, അതേസമയം, മൗലികാവകാശങ്ങളെയോ മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശത്തെയോ ബാധിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് തങ്ങള്‍ മനസ്സിലാക്കുന്നെന്നും എന്നാല്‍ അത് മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തില്‍ പ്രതിഷേധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് തങ്ങള്‍ യൂണിയനോട് ചോദിക്കുമെന്നും കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Will bow my head in front of farmers, will discuss every issue, says PM Modi

We use cookies to give you the best possible experience. Learn more