വാഷിങ്ടണ്‍: അമേരിക്കയുമായി നേരിട്ട് ആണവക്കരാര്‍ ചര്‍ച്ച നടത്താന്‍ താത്പര്യമില്ലെന്ന് പറഞ്ഞ ഇറാന് ട്രംപിന്റെ ഭീഷണി. യു.എസുമായി ആണവക്കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ രാജ്യത്തിന് നേരെ ബോബുകള്‍ വര്‍ഷിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഇറാന്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ബോംബാക്രമണം ഉണ്ടാകുമെന്നും അത് അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളതായിരിക്കുമെന്നും എന്‍.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. അമേരിക്കയുടെ ആവശ്യം അംഗീകരിക്കാത്തപക്ഷം ഇറാന് മേല്‍ ഇരട്ടി തീരുവ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറയുകയുണ്ടായി.
യു.എസുമായുള്ള ആണവചര്‍ച്ചയ്ക്ക് പ്രത്യക്ഷത്തില്‍ സമ്മതമല്ലെന്ന് അറിയിച്ചുകൊണ്ട് ഇറാന്‍ മറുപടി നല്‍കിയിരുന്നു. പരമാവധി സമ്മര്‍ദത്തിലും സൈനിക ഭീഷണിയിലും അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടില്ല എന്ന് വ്യക്തമാക്കിയ ഇറാന്‍ വേണമെങ്കില്‍ മുന്‍കാലങ്ങളിലെപ്പോലെ യു.എസുമായി പരോക്ഷമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും വ്യക്തമാക്കി.
ട്രംപിന്റെ നിര്‍ദേശത്തിന് ഒമാന്‍ വഴിയാണ് ഇറാന്‍ മറുപടി അയച്ചത്. ട്രംപ് ഇറാനെതിരെ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തില്‍, യു.എസ് ഭരണകൂടവുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാന്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
മാര്‍ച്ച് ആദ്യവാരമാണ് ആണവക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേനിക്ക് കത്തയച്ചതായി ട്രംപ് വെളിപ്പെടുത്തിയത്. ഇറാനെ കൈകാര്യം ചെയ്യാന്‍ രണ്ട് വഴികളാണ് ഉള്ളതെന്നും അതില്‍ ഒന്ന് സൈനികമായും അല്ലെങ്കില്‍ കരാറില്‍ ഒപ്പിടുകയാണെന്നും അതിനാല്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.
എന്നാല്‍ ട്രംപിന്റെ നിര്‍ദേശം തള്ളിയ ഖമനേനി അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. അമേരിക്ക കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ല ഇത്തരം ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരുകള്‍ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ആദ്യ ടേമില്‍, ഡൊണാള്‍ഡ് ട്രംപ് ഇറാനും ലോകശക്തികളും തമ്മിലുള്ള 2018 ലെ കരാറില്‍ നിന്ന് യു.എസ് ഏകപക്ഷീയമായാണ് പിന്‍മാറിയത്. സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് ലഭിക്കുന്നതിന് പകരമായി ഇറാന് ആണവ പദ്ധതിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കരാര്‍ ഏര്‍പ്പെടുത്തിയിരുന്നു.
കരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ഇറാനെതിരെ ട്രംപ് വീണ്ടും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി.
Content Highlight: Will bomb Iran if nuclear deal not agreed: Trump