| Saturday, 27th May 2023, 10:42 am

രാജ്യത്തെ ദളിതരെ നിങ്ങള്‍ ആലിംഗനം ചെയ്യുമോ? ബി.ജെ.പിയും ആര്‍.എസ്.എസും തൊട്ടുകൂടായ്മയെ പ്രോത്സാഹിപ്പിക്കുന്നു: അശോക് ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ബി.ജെ.പിയും ആര്‍.എസ്.എസും സമൂഹത്തില്‍ തൊട്ടുകൂടായ്മയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യത്തെ ദളിതരെ നിങ്ങള്‍ ആലിംഗനം ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടിഐ റിപ്പോര്‍ട്ട് ചെയ്തു.

ബാരന്‍ ജില്ലയിലെ സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസും ബി.ജെ.പിയും ഭിന്നതകളും വിവേചനവും ഉണ്ടാക്കുകയും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ തൊട്ടുകൂടായ്മയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.

‘അവര്‍ (ആര്‍.എസ്.എസ്, ബി.ജെ.പി) ഹിന്ദു മതത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അവരെല്ലാം ഹിന്ദുക്കളാണ്. എന്നാല്‍ അവര്‍ മതത്തില്‍ നിന്നുയര്‍ന്ന് ചില കാര്യങ്ങള്‍ ചെയ്യണം. ഗ്രാമങ്ങളിലും നഗരങ്ങളിലും ഇപ്പോഴും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ട്. താഴ്ന്ന ജാതിക്കാരോട് വിവേചനം ഉണ്ടെന്നത് എല്ലാവര്‍ക്കുമറിയാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവന്തും പ്രധാനമന്ത്രിയും ദളിതരുടെ ഉന്നമനത്തിനായുള്ള അവരുടെ ദീര്‍ഘ-ഹൃസ്വകാല പദ്ധതികള്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

‘ആരാണ് ദളിതരുടെ കാര്യം നോക്കുക? നിങ്ങള്‍ എന്താണ് അവര്‍ക്ക് വേണ്ടി ചെയ്തിട്ടുള്ളത്? നിങ്ങള്‍ അവരെ ആലിംഗനം ചെയ്യുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം അധികാരത്തിലിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണം,’ അശോക് ഗെലോട്ട് പറഞ്ഞു.

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തിയ സംഭവത്തില്‍ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷേഖാവന്ത് രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അശോക് ഗെലോട്ടിന്റെ  പ്രതികരണം.

‘സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഗജേന്ദ്ര സിങ് ആരോപിച്ചിരുന്നു.’ ഇത് രാജസ്ഥാനിലെ പുതിയ സംഭവമല്ല. പകല്‍ വെളിച്ചത്തില്‍ മുസ്‌ലിം യുവാവ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. അവളെ പിന്നീട് ജീവനോടെ കത്തിക്കാന്‍ ശ്രമിച്ചു. ഉടനെ തന്നെ അവളെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. എവിടെയായിരുന്നു അഗ്നിരക്ഷാ യൂണിറ്റ്. 24 മണിക്കൂറിന് ശേഷം ജോധ്പൂരിലേക്ക് മാറ്റിയ അവര്‍ ചികിത്സ കിട്ടാതെ മരിച്ചു. അശോക് ഗെലോട്ട് സര്‍ക്കാരിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

CONTENTHIGHLIGHT: will bjp-rss embrace dalits: Ashok gehlot

We use cookies to give you the best possible experience. Learn more