ന്യൂദല്‍ഹി: തന്റെ തലയറുക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചതായി കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എം.പിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് തന്റെ വസതിയിലെ ലാന്റ് ലൈന്‍ നമ്പറില്‍ വധഭീഷണി മുഴക്കിക്കൊണ്ടുള്ള കോള്‍ വന്നതെന്ന് ഹെഗ്‌ഡെ പറയുന്നു.
പുലര്‍ച്ചെ രണ്ട് മണിയോടെ മന്ത്രിയുടെ മൊബൈല്‍ നമ്പറിലാണ് ആദ്യ കോള്‍ വന്നത്. എന്നാല്‍ കോള്‍ അറ്റന്റ് ചെയ്തിരുന്നില്ല. തുടര്‍ന്ന് വീട്ടിലെ ലാന്റ് ലൈന്‍ നമ്പറിലേക്കും വിളി വന്നു. അനന്ത് കുമാര്‍ ഹെഗ്‌ഡെയെ അന്വേഷിച്ച ശേഷം ഫോണ്‍ കട്ട് ചെയ്തു. ഹിന്ദിയിലായിരുന്നു സംസാരമെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.
Dont Miss ‘തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി എങ്ങനെ മുന്നോട്ടുപോകണമെന്ന് തീരുമാനമായില്ല; തെരഞ്ഞെടുപ്പ് കാലത്ത് മാത്രം അക്കാര്യം ആലോചിച്ചാല്‍ മതി’: എസ്.ആര്‍.പി
പിന്നീട് വീണ്ടും മന്ത്രിയുടെ മൊബൈലിലേക്ക് കോള്‍ എത്തി. തുടര്‍ന്ന് കോള്‍ അറ്റന്റ് ചെയ്തപ്പോഴാണ് മറുതലയ്ക്കല്‍ നിന്നും ഭീഷണിയുടെ സ്വരം എത്തിയതെന്ന് മന്ത്രി പറയുന്നു.
“”നീ വലിയ നേതാവാണെന്നാണോ കരുതുന്നത്? ഞങ്ങള്‍ നിന്റെ തലയറുക്കും. നിന്റെ ശരീരം വെട്ടി തുണ്ടം തുണ്ടമാക്കും””- എന്നായിരുന്നു സന്ദേശമെന്ന് അനന്ത് കുമാര്‍ ഹെഗ്‌ഡെ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി സിര്‍സി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച മന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ട്രക്ക് ഇടിച്ച സംഭവം വിവാദമായിരുന്നു. കര്‍ണാടകത്തിലെ ഹാവേരി ജില്ലയില്‍ റാണെബെന്നൂരിലുണ്ടായ അപകടത്തില്‍ മന്ത്രിയെ അനുഗമിച്ച സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തനിക്ക് നേരെ നടന്നത് കൊലപാതകശ്രമമാണെന്ന് അപകടത്തിനുശേഷം മന്ത്രി ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.
അപകടം ചിലര്‍ മനഃപൂര്‍വം ഉണ്ടാക്കിയതാണെന്നും തന്റെ ജീവന്‍ അപകടത്തില്‍പ്പെടുത്താനായിരുന്നു ലക്ഷ്യമെന്നും പറഞ്ഞ് മന്ത്രി നിരന്തരം ട്വീറ്റുകളും പുറത്തുവിട്ടു. ഇടിച്ച ലോറിയുടെ ഡ്രൈവര്‍ നാസര്‍ എന്നു പേരുള്ള ഒരാളാണെന്നും അനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞിരുന്നു.
ഇയാളുടെ ചിത്രങ്ങളും ഹെഗ്‌ഡെ തന്റെ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരുന്നു. നാസറിനു പിന്നില്‍ ഒരു വന്‍ സംഘം തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ വാദം.
എന്നാല്‍ വിഷയത്തില്‍ വിശദമായ അന്വേഷണം തന്നെ നടത്തിയ പൊലീസ് അപകടം ഉണ്ടാക്കിയ ലോറിയുടെ ഉടമസ്ഥന്‍ ചിക്കമംഗലൂരുവിലെ നാഗേഷ് എന്നു പറയുന്ന ആളാണ് കണ്ടെത്തി. നാഗേഷിന്റെ സഹോദരന്‍ രമേഷ് കോപ്പയിലെ ബി.ജെ.പി താലൂക്ക് പ്രസിഡന്റുമാണ്.
കേന്ദ്രമന്ത്രി പറയുന്നതുപോലെ മന:പൂര്‍വമായൊരു അപകടമല്ല ഉണ്ടായതെന്ന് അന്വേഷണത്തില്‍ നിന്നും പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.