താന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ
National
താന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th August 2018, 12:04 pm

ബെംഗളൂരു: കോണ്‍ഗ്രസിനും ജെ.ഡി.എസിനുമിടയില്‍ അസ്വാരസ്യങ്ങള്‍ ശക്തിപ്പെടുകയാണെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ താന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ജനങ്ങളുടെ ആശീര്‍വാദത്തോടെ ഒരിക്കല്‍ കൂടി താന്‍ മുഖ്യമന്ത്രിയാകുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അനുഗ്രഹിക്കുമെന്നും താന്‍ ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാകുമെന്നുമാണ് വിചാരിച്ചതെന്നും നിര്‍ഭാഗ്യവശാല്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഇത് അവസാനമല്ല. അവസരങ്ങള്‍ ഇനിയുമുണ്ടാകും. രാഷ്ട്രീയത്തില്‍ വിജയവും പരാജയവുമൊക്കെ സര്‍വ്വസാധാരണമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.


Read Also : യുറോപ്പ്യന്‍ മാധ്യമങ്ങളില്‍ താരമായി ജൈസല്‍; അവശ്വസനീയമെന്ന് അവതാരകന്‍ -വീഡിയോ


 

രണ്ടാംവട്ടവും താന്‍ മുഖ്യമന്ത്രിയാകുന്നത് തടയാന്‍ പ്രതിപക്ഷ കക്ഷികള്‍ പണവും സ്വാധീനവും ഉപയോഗിക്കുകയായിരുന്നെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നിരവധി രാഷ്ട്രീയനാടകങ്ങള്‍ക്ക് വേദിയായ കര്‍ണാടകയില്‍ ബി.ജെ.പിയുടെ തന്ത്രങ്ങളെ മറികടന്നാണ് കുമാരസ്വാമിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം സര്‍ക്കാറില്‍ പ്രതിസന്ധിയുണ്ടെന്ന് നിരവധി തവണ മുഖ്യമന്ത്രി കുമാരസ്വാമി തന്നെ പറഞ്ഞിരുന്നു.