| Monday, 1st November 2021, 10:54 am

ജനന, മരണ രജിസ്ട്രേഷന്‍ നിയമം ഭേദഗതി ചെയ്യുന്നത് പൗരത്വ പട്ടിക നടപ്പാക്കാന്‍; കേന്ദ്രത്തിനെതിരെ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരബാദ്: 1969ലെ ജനന, മരണ രജിസ്ട്രേഷന്‍ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു.

ജനന, മരണ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഏകീകരിക്കാനായാണ് 1969ലെ ജനന, മരണ രജിസ്ട്രേഷന്‍ നിയമം ഭേദഗതി ചെയ്യുന്നതെന്നാണ് കേന്ദ്രം പറയുന്നത്.

കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ നിരവധിപേര്‍ രംഗത്തുവന്നിരുന്നു. ഇപ്പോള്‍ കേന്ദ്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.

1969 ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രത്തിന്റെ സമീപകാല നിര്‍ദ്ദേശം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ പട്ടിക എന്നിവയ്ക്കായി ഉപയോഗിക്കുമെന്നാണ് ഉവൈസി പറഞ്ഞത്.

പുതിയ ഭേദഗതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 ലംഘിക്കുമെന്നും അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.

”ഏകീകൃത ഡാറ്റാബേസ് എന്‍.പി.ആര്‍, എന്‍.ആര്‍.ആസി, ഇലക്ട്രല്‍ റോളുകള്‍, പാസ്പോര്‍ട്ടുകള്‍ മുതലായവയ്ക്ക് ഉപയോഗിക്കും. നിലവില്‍ ഇവയെല്ലാം വെവ്വേറെ പ്രക്രിയകളാണ്. ഉദാഹരണത്തിന്, ഇലക്ടറല്‍ റോള്‍ എന്റോള്‍മെന്റ് നടത്തുന്നത് സ്വതന്ത്ര സ്ഥാപനമായ ഇ.സി.ഐ ആണ്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജനന/ മരണ രജിസ്റ്റര്‍ എന്റോള്‍മെന്റിന് ഉപയോഗിക്കും,” അദ്ദേഹം പറഞ്ഞു.

നിലവില്‍ രജിസ്ട്രേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. ഭേദഗതി അനുസരിച്ച് സംസ്ഥാനതല വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി പങ്കുവെയ്ക്കണം. ഇതിനായി ചീഫ് രജിസ്ട്രാറെ സംസ്ഥാന തലത്തില്‍ നിയമിക്കണം.

ജനന, മരണ രജിസ്ട്രേഷന്‍ വിവരങ്ങള്‍, ജനസംഖ്യാ രജിസ്റ്റര്‍, വോട്ടര്‍പട്ടിക, ആധാര്‍, റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ പരിഷ്‌കരിക്കാനും കൃത്യത ഉറപ്പാക്കാനും ഈ വിവരങ്ങള്‍ ഉപയോഗിക്കും.

ഭേദഗതി നടപ്പായാല്‍ പ്രസ്തുത വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ജനസംഖ്യാ രജിസ്ട്രേഷന്‍ പുതുക്കാനായി ഉപയോഗിക്കാം. നിലവില്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക തലത്തിലാണ് ജനന, മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന് പകരം സംസ്ഥാനം നിയമിക്കുന്ന ചീഫ് രജിസ്ട്രാര്‍ സംസ്ഥാനത്തു നിന്നുള്ള വിവരങ്ങള്‍ കേന്ദ്രവുമായി സംയോജിപ്പിക്കും. ഇതിന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ മേല്‍നോട്ടം വഹിക്കും.

1969ലെ നിയമം ഭേദഗതി ചെയ്യുമ്പോള്‍ മൂന്ന് എ എന്ന വകുപ്പാണ് കൂട്ടിച്ചേര്‍ക്കുന്നത്. അതനുസരിച്ചാണ് ജനന, മരണ രജിസ്റ്റര്‍ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനും മറ്റും ഉപയോഗിക്കാന്‍ സാധ്യമാകുന്നത്.

ഇതേ വിവരങ്ങള്‍ വോട്ടര്‍ പട്ടികയും പാസ്പോര്‍ട്ടും അടക്കമുള്ള രേഖകളിലെ വിവരങ്ങള്‍ പരിഷ്‌കരിക്കാനും ഉപയോഗിക്കാം.
ഭേദഗതി നടപ്പായാല്‍ ജനന, മരണ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഉപയോഗിച്ച് 2010ല്‍ തയ്യാറാക്കുകയും 2015ല്‍ പുതുക്കുകയും ചെയ്ത ജനസംഖ്യ രജിസ്ട്രേഷന്‍ കേന്ദ്രം പുതുക്കാനുള്ള സാധ്യതയും ഉണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Will be used for NPR, NRC: Asaduddin Owaisi on Centre’s proposal for unified database of births, deaths

We use cookies to give you the best possible experience. Learn more