| Sunday, 24th May 2020, 12:27 pm

'ഇടതിനെ എതിര്‍ക്കുന്നവര്‍ പോലും പിണറായി വിജയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു'; മുന്നണി മാറ്റങ്ങള്‍ക്ക് സൂചന നല്‍കി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ സംസ്ഥാനത്ത് മുന്നണി മാറ്റങ്ങളുണ്ടായേക്കാമെന്ന സൂചന നല്‍കി മന്ത്രിയും സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗവുമായ ഇ.പി ജയരാജന്‍. ഇടതുപക്ഷത്തെ എതിര്‍ക്കുന്നവര്‍പോലും ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. യു.ഡി.എഫില്‍ നില്‍ക്കുന്ന പാര്‍ട്ടികളിലും അതിന്റെ മാറ്റമുണ്ടാവുമെന്നും ജയരാജന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്തിനാണ് ഇടതുപക്ഷത്തെ എതിര്‍ക്കേണ്ടത് എന്ന ചിന്ത ഇതുവരെ ഇടത് വിരുദ്ധ മനോഭാവത്തോടുകൂടി നിന്നവരെയും പ്രവര്‍ത്തിച്ചവരെയും സ്വാധീനിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എതിര്‍ ചേരിയില്‍നിന്നിരുന്ന ജനങ്ങള്‍ മാറിവരികയാണ്. അത്തരമൊരു മാറ്റം സംഭവിക്കുമ്പോള്‍ സ്വാഭാവികമായും രാഷ്ട്രീയ പാര്‍ട്ടികളിലും അതിന്റെ മാറ്റമുണ്ടാകും’, ജയരാജന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇടതുപക്ഷത്തേക്ക് വരാനുള്ള ഒരു സാധ്യതയിലേക്കാണ് ജയരാജന്‍ വിരല്‍ചൂണ്ടിയത്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടുമില്ല.

എല്ലാവരുടെയും താല്‍പര്യം സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന് ഇനി കേരളത്തില്‍ നിലനില്‍പ്പില്ല. കോണ്‍ഗ്രസിന്റെ തെറ്റായ പ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘എല്ലാ ജനങ്ങള്‍ക്കും വേണ്ടി ഞങ്ങളുടെ വാതിലുകള്‍ തുറന്നു വെച്ചിട്ടുണ്ട്. ഞങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി മാത്രം ഭരിക്കുന്ന ഒരു സര്‍ക്കാറല്ല. കേരളത്തിന്റെ പൊതുവായിട്ടുള്ള അഭിവൃദ്ധിയെയും വളര്‍ച്ചയെയും വികസനത്തെയും അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള
നിലപാടുകളില്‍ ഊന്നി നിന്നുകൊണ്ട് ഞങ്ങള്‍ പ്രവര്‍ത്തിക്കും. അപ്പോള്‍, ചിലപ്പോള്‍ അപ്പുറം ഉള്ള പലരും വന്നേക്കാം’, ജയരാജന്‍ പറഞ്ഞു.

മദ്യവില്‍പനയ്ക്കുള്ള ആപ്പ് തയ്യാറാക്കാനുള്ള കരാര്‍ സി.പി.ഐ.എം. അനുഭാവിയുടെ കമ്പനിക്ക് നല്‍കിയെന്ന പ്രതിപക്ഷ ആരോപണത്തെയും ജയരാജന്‍ ചോദ്യം ചെയ്തു. ആ ആപ്പ് തയ്യാറാക്കുന്നതില്‍, ഏതാ നല്ല കമ്പനി എന്നു നോക്കി നല്‍കുകയല്ലേ ചെയ്യേണ്ടത് എന്നും അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more