അര്‍ജന്റൈന്‍ സൂപ്പര്‍ താരം പപ്പു ഗോമസ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിന് പിന്നാലെ താരത്തിന് ഫുട്‌ബോളില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഡോപ്പിങ് ടെസ്റ്റില്‍ റിസള്‍ട്ട് പോസിറ്റീവായതോടെ താരത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയതിനാല്‍ ഗോമസ് ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഫിഫ ലോകകപ്പ് 2022ല്‍ ചാമ്പ്യന്മാരായ അര്‍ജന്റൈന്‍ ദേശീയ ടീമിലെ അംഗമാണ് പപ്പു ഗോമസ്. താരത്തിന്റെ വിലക്ക് അര്‍ജന്റീനയുടെ ലോകകീരീടം തിരിച്ചെടുക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
എന്നാല്‍ ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിയമപ്രകാരം രണ്ട് താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചാലാണ് ടീമിന് കിരീടം നഷ്ടമാവുക. നിലവില്‍ പപ്പൂ ഗോമസിന്റെ പേരില്‍ മാത്രമാണ് കേസുള്ളത്. അതിനാല്‍ തന്നെ അര്‍ജന്റീനക്ക് കിരീടം നഷ്ടമാകില്ല.
അര്‍ജന്റീനക്കൊപ്പം കിരീടം നേടിയതിന് പുറമെ താരം സെവിയ്യക്കൊപ്പം യൂറോപ്പ ലീഗ് കിരീടവും നേടിയിട്ടുണ്ട്. 2014 മുതല്‍ 2021 വരെ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്റക്കൊപ്പമാണ് പപ്പു ഗോമസ് കളിച്ചത്. അറ്റ്ലാന്റക്കൊപ്പം 252 മത്സരങ്ങള്‍ കളിച്ച ഗോമസ് 59 ഗോളുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. തുടര്‍ന്ന് സ്പാനിഷ് ക്ലബ്ബ് സെവിയ്യക്ക് വേണ്ടിയും താരം ബൂട്ട് കെട്ടി.
കോപ്പ അമേരിക്ക, ലോകകപ്പ് എന്നീ കിരീടങ്ങള്‍ അര്‍ജന്റീന ഉയര്‍ത്തുമ്പോള്‍ ടീമിലെ അംഗമായിരുന്നു ഗോമസ്. നിലവില്‍ ഇറ്റാലിയന്‍ ടീം മോണ്‍സയില്‍ താരമാണ് പപ്പു ഗോമസ്.
Content Highlights: Will Argentina loss World Cup due to Papu Gomez’s ban?