| Saturday, 2nd January 2021, 6:42 pm

രാമക്ഷേത്ര നിര്‍മ്മാണത്തിന് ഹിന്ദുക്കളുടെ പണം മാത്രമേ സ്വീകരിക്കൂ: വി.എച്ച്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന് ഹിന്ദു കുടുംബങ്ങളില്‍ നിന്നുള്ള ഫണ്ട് മാത്രമാണ് സ്വീകരിക്കുകയെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി). ഫണ്ട് സ്വരൂപിക്കാന്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെ രാജ്യവ്യാപകമായി ക്യാംപെയ്ന്‍ നടത്തുമെന്ന് വി.എച്ച്.പി വക്താവ് വിജയ് ശങ്കര്‍ തിവാരി പറഞ്ഞു.

അതേസമയം ചെറിയ സംസ്ഥാനമായതിനാല്‍ ഉത്തരാഖണ്ഡില്‍ ഫെബ്രുവരി അഞ്ചിന് ക്യാംപെയ്ന്‍ അവസാനിപ്പിക്കും.

എന്നാല്‍ ഇതര മതസ്ഥരെ ക്ഷേത്രനിര്‍മ്മാണത്തിനുള്ള ഫണ്ടിനായി സമീപിക്കില്ലെന്നും തിവാരി പറഞ്ഞു.

‘മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹിന്ദു കുടുംബങ്ങളെ മാത്രമാണ് ഫണ്ടിനായി സമീപിക്കുന്നത്. മറ്റ് മതസ്ഥരുടെ വീട്ടില്‍ ഇതിനായി കയറില്ല’, തിവാരി പറഞ്ഞു.

സമാന നിലപാടാണ് ആര്‍.എസ്.എസും സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ മുസ്‌ലിങ്ങളോ സിഖുകാരോ ക്രിസ്ത്യാനികളോ സഹായം വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കുമെന്നും ആര്‍.എസ്.എസ് അറിയിച്ചു.

രാമക്ഷേത്രവും അനുബന്ധ കെട്ടിടങ്ങളും ഉള്‍പ്പെടുന്ന അയോധ്യയിലെ രാമക്ഷേത്ര കോംപ്ലക്സിന്റെ നിര്‍മ്മാണത്തിന് 1,100 കോടി രൂപയോളം ചിലവാകുമെന്നാണ് കണക്കാക്കുന്നത്.

നിലവില്‍ ക്ഷേത്രനിര്‍മ്മാണത്തിന്റെ പണികള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നതിന് ശേഷം സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനും പരിപാലനത്തിനും വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്.

അയോധ്യയില്‍ രാമക്ഷേത്രം പുനര്‍നിര്‍മിക്കുന്നത് പൂര്‍ണ്ണമായും രാജ്യത്തെ ജനങ്ങളില്‍ നിന്നും സമാഹരിക്കുന്ന സംഭാവന കൊണ്ടായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Will approach only Hindu families for Ram Temple fund: VHP

We use cookies to give you the best possible experience. Learn more