| Sunday, 24th November 2019, 5:51 pm

'ശരത് പവാര്‍ തന്നെയാണ് എന്റെ നേതാവ്, എല്ലായിപ്പോഴും എന്‍.സി.പിയില്‍ ഉണ്ടാകും'; എല്ലാം ശരിയാകുമെന്നും അജിത്ത് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: താന്‍ എല്ലായിപ്പോഴും എന്‍.സി.പിയില്‍ തന്നെയായിരിക്കുമെന്ന് അജിത്ത് പവാര്‍. ശരത് പവാര്‍ തന്നെയാണ് തന്റെ നേതാവെന്നും അജിത്ത് ട്വീറ്റ് ചെയ്തു. അനുയായികള്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും അജിത്ത് പറഞ്ഞു.

ബി.ജെ.പി-എന്‍.സി.പി സഖ്യത്തിനേ മഹാരാഷ്ട്രയില്‍ സ്ഥിരത കൊണ്ടുവരാന്‍ കഴിയൂ എന്നും അടുത്ത അഞ്ചുവര്‍ഷം ഈ സഖ്യം മഹാരാഷ്ട്ര ഭരിക്കുമെന്നും അജിത്ത് പറഞ്ഞു.

‘അടുത്ത അഞ്ചുവര്‍ഷം ബി.ജെ.പി-എന്‍.സി.പി സഖ്യം മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള ഭരണം നടത്തും. അത് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായിരിക്കും.’, അജിത്ത് ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പേടിക്കാന്‍ ഒന്നുമില്ല. എല്ലാം ശരിയാകും. എന്നിരുന്നാലും കുറച്ചു ക്ഷമ ആവശ്യമുണ്ട്. നിങ്ങളുടെ എല്ലാ പിന്തുണക്കും നന്ദി.’, അജിത്ത് പറഞ്ഞു.

നേരെത്തെ, തന്നെ ഉപമുഖ്യമന്ത്രിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അജിത് നന്ദി പറഞ്ഞിരുന്നു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന് വേണ്ടി സുസ്ഥിരമായൊരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ നമ്മള്‍ ശ്രമിക്കും.’, എന്നായിരുന്നു അജിത് ട്വീറ്റ് ചെയ്തത്.

അതേസമയം, മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി നെതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന് വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞിരുന്നു. ഫഡ്‌നാവിസ് രാജിവെക്കണമെന്നും മാലിക് പറഞ്ഞിരുന്നു.

”അജിത്ത് പവാര്‍ ഒരു തെറ്റു ചെയ്തു. അത് അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമങ്ങള്‍ ഇന്നലെ മുതല്‍ നടക്കുന്നുണ്ട്. അദ്ദേഹം തെറ്റു തിരിച്ചറിഞ്ഞാല്‍ നന്നായിരിക്കും.”, നവാബ് മാലിക് പറഞ്ഞിരുന്നു.

അതേസമയം, ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹരജി പരിഗണിക്കുന്ന കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് നാളത്തേക്ക് മാറ്റിയത്. നാളെ 10:30 നാണ് കേസ് പരിഗണിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസക്കാലത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എന്‍.സി.പി നേതാവ് അജിത്ത് പവാറിന്റെ പിന്തുണയോടെയായിരുന്നു സത്യപ്രതിജ്ഞ. അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more