ന്യൂദൽഹി: ബി.ജെ.പിയിലെ അതികായന്മാരായ എൽ.കെ.അധ്വാനിയും മുർളി മനോഹർ ജോഷിയും അവർ താല്പര്യപ്പെടുന്നെങ്കിൽ മാത്രം 2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുമെന്ന് ബി.ജെ.പി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മേയ് മാസത്തോടെ തീരുമാനം അറിയിക്കണം എന്നാണു അധ്വാനിയോടും ജോഷിയോടും ബി.ജെ.പി. നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. “അവരാണ് ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും പാർട്ടി പറയുന്നു.
സാധാരണയായി 75 വയസ്സ് കടന്ന പാർട്ടി അംഗങ്ങൾക്ക് വീണ്ടും മത്സരിക്കാനുള്ള അവസരം കൊടുക്കേണ്ടതില്ല എന്നാണു പാർട്ടിയുടെ നിലപാട്. എന്നാൽ 75 വയസ്സിനു മുകളിലുള്ളവർ മത്സരിക്കുന്നതിൽ പാർട്ടിക്ക് എതിർപ്പില്ലെന്നും,മന്ത്രിമാർ വീണ്ടും മത്സരിക്കുന്നതിനെയാണ് പാർട്ടി എതിർക്കുന്നതെന്നും ബി.ജെ.പി. പറയുന്നു. എൽ.കെ. അധ്വാനിക്ക് 91ഉം, മുരളി മനോഹർ ജോഷിക്ക് 85 വയസ്സുമാണ് പ്രായം.
2014ൽ അധ്വാനിയും,ജോഷിയും, യഥാക്രമം, ഗാന്ധിനഗർ മണ്ഡലത്തിൽ നിന്നും,കാൺപൂർ മണ്ഡലത്തിൽ നിന്നും ജയിച്ച് പാർലമെന്റിൽ എത്തിയിരുന്നു. പിന്നീട് ഇരുവരെയും ബി.ജെ.പി., പാർട്ടിയുടെ ഉപദേശക സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. അതിനു ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നും ഇരുവരും വിട്ടുനിന്നു. 2014ൽ, തന്റെ തട്ടകമായ വാരാണസി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിട്ടു നൽകിയാണ് മുർളി മനോഹർ ജോഷി കാൺപൂരിൽ നിന്നും മത്സരിച്ചത്. തങ്ങളുടെ തീരുമാനത്തെക്കുറിച്ച് അധ്വാനിയും ജോഷിയും ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാൽ പാർട്ടി പറയുന്നത് അനുസരിക്കാൻ താൻ തയാറാണെന്നു ജോഷി അഭിപ്രായപെട്ടതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
മുതിർന്ന ബി.ജെ.പി. നേതാക്കളായ അധ്വാനി,ജോഷി, ശാന്തകുമാർ,ബി.സി. ഖാന്ദൂരി എന്നിവർ 2014ൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും മോദി മന്ത്രിസഭയിൽ അംഗമാക്കിയിരുന്നില്ല. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിനെ കൂടി ഉൾപ്പെടുത്തി “മാർഗദർശക് മണ്ഡൽ” എന്ന പേരിൽ ഇവരെ ബി.ജെ.പി., പാർട്ടിയുടെ ഉപദേശക സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
Also Read ആരുമറിയാത്ത സംവിധായകന്റെ പബ്ലിസിറ്റി സ്റ്റണ്ടാണ് ഇത്; പ്രിയനന്ദനെതിരായ ആക്രമണം നിഷേധിച്ച് ബി.ജെ.പി
എന്നാൽ ഇവർക്ക് എന്തെങ്കിലും അധികാരങ്ങളോ സ്ഥാനങ്ങളോ നൽകിയിരുന്നില്ല. മാത്രമല്ല, 5 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും “മാർഗദർശക് മണ്ഡൽ” സമ്മേളിച്ചില്ല. എൽ.കെ. അധ്വാനിക്ക് ലോക്സഭാ സ്പീക്കർ സ്ഥാനത്തിരിക്കാൻ താല്പര്യമുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തെ തഴഞ്ഞു സുമിത്ര മഹാജന് ബി.ജെ.പി. ആ സ്ഥാനം നൽകുകയായിരുന്നു. പാർലമെന്റ് എസ്റ്റിമേറ്റ്സ് കമ്മിറ്റി അംഗമായ മുർളി മനോഹർ ജോഷി പലതവണ പാർട്ടിയുടെ തീരുമാനങ്ങളെ വിമർശിക്കുകയും ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുകയും ചെയ്തിരുന്നു.
മാത്രമല്ല കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. പരാജയപ്പെട്ടപ്പോൾ പാർട്ടി നേതൃത്വത്തെ വിമർശിച്ച് എൽ.കെ. അധ്വാനിയും, മുർളി മനോഹർ ജോഷിയും,പാർട്ടി വിട്ട യശ്വന്ത് സിൻഹയും ബി.ജെ.പിക്ക് കത്തുകൾ എഴുതിയിരുന്നു.
Also Read സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളവരില്‍ ലോക്‌നാഥ് ബെഹ്‌റയും
കേന്ദ്രമന്ത്രിമാരായ ഉമാ ഭാരതിയും, സുഷമ സ്വരാജും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയില്ല എന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ആരോഗ്യകാരണങ്ങൾ കൊണ്ടാണ് ഇരുവരും മാറി നിൽക്കുന്നത്. എന്നിരുന്നാലും ഇരുവരും മത്സരിക്കാൻ സന്നദ്ധത അറിയിച്ചാൽ മത്സരിപ്പിക്കുമെന്നും ബി.ജെ.പി. പറയുന്നുണ്ട്.
കോൺഗ്രസ് പാർട്ടി പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയതോടെ മുതിർന്ന നേതാക്കളെ പണ്ടത്തെ പോലെ അവഗണിക്കാൻ കഴിയില്ല എന്നാണു രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്. മാത്രമല്ല ഉയർന്ന ജാതിയിൽ ഉള്ള വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പിക്ക് ജോഷിയെയും അധ്വാനിയെയും ആവശ്യം വരും എന്നും കരുതപ്പെടുന്നു.