ബംഗാളിലെ മതുവ, നമശൂദ്രര്‍ വിഭാഗത്തെ പൗരത്വനിയമത്തിലുള്‍പ്പെടുത്തുമെന്ന് അമിത് ഷാ
West Bengal Election 2021
ബംഗാളിലെ മതുവ, നമശൂദ്രര്‍ വിഭാഗത്തെ പൗരത്വനിയമത്തിലുള്‍പ്പെടുത്തുമെന്ന് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th April 2021, 4:24 pm

കൊല്‍ക്കത്ത: ബംഗാളിലെ മതുവ വിഭാഗത്തെ പൗരത്വ നിയമപരിധിയ്ക്കുള്ളില്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് ഷായുടെ പ്രഖ്യാപനം.

‘മതുവ, നമശൂദ്രര്‍ എന്നീ വിഭാഗങ്ങളെ പൗരത്വനിയമപരിധിയ്ക്കുള്ളില്‍ കൊണ്ടുവരും’, അമിത് ഷാ പറഞ്ഞു.

ബംഗാളിലെ 29 ഓളം സീറ്റുകളില്‍ നിര്‍ണായക സ്വാധീനമുള്ള വിഭാഗമാണ് മതുവ. ഇവരെ സ്വാധീനിച്ച് വോട്ട് പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് നേരത്തെ നിരീക്ഷണങ്ങളുണ്ടായിരുന്നു.

അതേസമയം ബംഗാളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. ബാക്കി നാല് ഘട്ട തെരഞ്ഞെടുപ്പുകള്‍ ഒറ്റദിവസം നടത്തണമെന്ന് മമത പറഞ്ഞിരുന്നു.

എന്നാല്‍ ശേഷിക്കുന്ന തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ബംഗാളില്‍ അവശേഷിക്കുന്ന തെരഞ്ഞെടുപ്പ് നടക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഒറ്റത്തവണയായി നടത്താനുള്ള പദ്ധതികളൊന്നുമില്ലെന്ന് കമ്മീഷന്‍ വക്താവ് പറഞ്ഞിരുന്നു.

ബംഗാളിനൊപ്പം വോട്ടെടുപ്പ് നടന്ന അസം, തമിഴ്‌നാട്, കേരളം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി ഫലത്തിനായി കാത്തിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Will Add  Mathuva Groups Under CAA Act If BJP Came Into Power