കൊച്ചി: കേരളത്തിലെ തീയേറ്ററുകള്‍ ഉടന്‍ തുറക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് തിയേറ്റര്‍ ഉടമകളുടെസംഘടനയായ ഫിയോക്. വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം ആവാതെ തീയേറ്റര്‍ തുറക്കേണ്ടെന്നാണ് സംഘടനയുടെ തീരുമാനം.
ഇതോടെ ജനുവരി 13 ന് റിലീസ് ചെയ്യാനിരുന്ന മാസ്റ്റര്‍ സിനിമയുടെ റിലീസ് അനിശ്ചിതത്തിലായിരിക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച നടക്കുന്ന യോഗത്തിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആവുകയുള്ളു.
‘മാസ്റ്ററി’ന്റെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിട്ടുണ്ട്. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.
നേരത്തെ കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചിരുന്നു. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബര്‍ പറഞ്ഞത്.
വിനോദ നികുതി ഒഴിവാക്കാതെയും പ്രദര്‍ശന സമയം മാറ്റാതെയും തിയേറ്ററുകള്‍ തുറക്കാനാവില്ല. ഇതരഭാഷാ ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ചും തിയേറ്റര്‍ തുറക്കില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു.
50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ രണ്ടോ മൂന്നോ ഷോ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകാര്‍ക്കും ആ പടം തരാന്‍ നിര്‍മാതാക്കള്‍ക്കും സാധിക്കില്ല.
എന്റര്‍ടൈന്‍മെന്റ് ടാക്സിലും ഈ പ്രദര്‍ശന സമയത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്താതെ പുതിയ ചിത്രങ്ങള്‍ റിലീസിന് കൊടുക്കേണ്ടെന്നാണ് പ്രൊഡ്യൂസേഴ്സിന്റേയും ഡിസ്ട്രിബ്യൂട്ടേഴ്സിന്റേയും തീരുമാനമെന്നും ഫിലിം ചേംബര്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക