ലോക്സഭാ തെരഞ്ഞെടുപ്പ്; ജമ്മു കശ്മീരിലെ സീറ്റ് വിഭജനത്തിൽ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം അംഗീകരിക്കും: ഫാറൂഖ് അബ്ദുള്ള
national news
ലോക്സഭാ തെരഞ്ഞെടുപ്പ്; ജമ്മു കശ്മീരിലെ സീറ്റ് വിഭജനത്തിൽ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം അംഗീകരിക്കും: ഫാറൂഖ് അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th December 2023, 7:20 pm

ജമ്മു: അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഇന്ത്യ മുന്നണിയുടെ തീരുമാനം അംഗീകരിക്കുമെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള.

ജമ്മു കശ്മീരിൽ സമാധാനം പുനസ്ഥാപിക്കപ്പെട്ടു എന്ന് അവകാശപ്പെടുന്ന സർക്കാർ എന്തുകൊണ്ടാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടത്താത്തത് എന്നും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ചോദിച്ചു.

‘ഞങ്ങൾ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. അതുകൊണ്ട് അതിന്റെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കും,’ സീറ്റ് വിഭജനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ഫാറൂഖ് അബ്ദുള്ള മറുപടി നൽകി.

നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എന്നിവയാണ് ഇന്ത്യ സഖ്യത്തിൽ ജമ്മു കശ്മീരിൽ നിന്നുള്ള പ്രാദേശിക പാർട്ടികൾ.

തെരഞ്ഞെടുപ്പിന് തയ്യാറായിരിക്കുക എന്നതാണ് ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നൽകാനുള്ള സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

‘ഈ വർഷം പഞ്ചായത്ത്‌, ജില്ലാ വികസന കൗൺസിൽ, മുനിസിപ്പാലിറ്റി എന്നീ തെരഞ്ഞെടുപ്പുകൾ നേരിടാൻ ഞങ്ങൾ തയ്യാറായിരുന്നു.

വിജ്ഞാപനം പുറത്തുവന്നെങ്കിലും അഞ്ച് ദിവസങ്ങൾക്കകം പിൻവലിച്ചു. എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. തെരഞ്ഞെടുപ്പ് മനഃപൂർവം നീട്ടിക്കൊണ്ടുപോകുകയാണ്.

ഇവിടുത്തെ ജീവിതം സാധാരണ നിലയിലാണെന്ന് അവർ അവകാശപ്പെടുന്നു, പക്ഷേ തെരഞ്ഞെടുപ്പ് നടത്താനാകില്ല. കാർഗിലിൽ തെരഞ്ഞെടുപ്പ് നടത്താമെങ്കിൽ എന്തുകൊണ്ട് ജമ്മു കശ്മീരിൽ നടത്താൻ കഴിയില്ല?’ ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്നും 2024 സെപ്റ്റംബറിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നും പറഞ്ഞിരുന്നു.

Content Highlight: Will abide by decision of INDIA alliance: NC chief Farooq Abdullah on seat sharing in J-K