2022 Uttar Pradesh Legislative Assembly election
അഖിലേഷിനോട് വൈകാതെ കാണാമെന്ന് പ്രിയങ്ക; വീണ്ടും ചര്‍ച്ചയായി കോണ്‍ഗ്രസ്-എസ്.പി സഖ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 22, 01:59 pm
Friday, 22nd October 2021, 7:29 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ബാക്കിനില്‍ക്കെ വീണ്ടും സജീവമായി കോണ്‍ഗ്രസ്-എസ്.പി (സമാജ്‌വാദി പാര്‍ട്ടി) സഖ്യവാര്‍ത്തകള്‍.

എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും അപ്രതീക്ഷിതമായി ഒരു വിമാനത്തില്‍ യാത്ര ചെയ്തതാണ് വീണ്ടും അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

2017 ലെ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ കോണ്‍ഗ്രസ്-എസ്.പി സഖ്യമാണ് മത്സരിച്ചിരുന്നത്. അന്ന് ബി.ജെ.പിയോട് കനത്ത പരാജയമാണ് സഖ്യം ഏറ്റുവാങ്ങിയത്.

ഇതോടെ ഇനി സഖ്യത്തിനില്ലെന്ന് ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു. വലിയ പാര്‍ട്ടികളുമായി ഒരിക്കലും സഖ്യം ചേരില്ലെന്ന് അഖിലേഷ് യാദവ് പലയാവര്‍ത്തി വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ വെള്ളിയാഴ്ച ഇരുനേതാക്കളും വിമാനത്തില്‍ വെച്ച് കണ്ടതോടെ സഖ്യചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചേക്കുമെന്നാണ് പലരുടേയും അഭിപ്രായം.

വൈകാതെ നമ്മള്‍ വീണ്ടും കാണുമെന്ന് പ്രിയങ്ക വിമാനത്തില്‍വെച്ച് അഖിലേഷിനോട് പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്.

എന്നാല്‍ സഖ്യത്തിനുള്ള വിദൂരസാധ്യതകള്‍ പോലുമില്ലെന്ന് ഇരുപാര്‍ട്ടിയുടേയും അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.

നിലവില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിയാണ് ഉത്തര്‍പ്രദേശ് ഭരിക്കുന്നത്. ബി.ജെ.പിയ്‌ക്കെതിരെയാണ് പോരാട്ടമെന്ന് അഖിലേഷ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

പ്രിയങ്കയാകട്ടെ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ്. യോഗി സര്‍ക്കാരിനെതിരെ നിരന്തരമായി ആരോപണങ്ങളുമായി പ്രിയങ്ക യു.പിയില്‍ സജീവമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Will A Chance Encounter in the Skies See Congress-SP Alliance Take Off Before 2022 UP Polls