Kerala News
വന്യജീവി ആക്രമണം; കര്‍മപദ്ധതി രൂപീകരിച്ച് വനംവകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 12, 02:48 pm
Wednesday, 12th February 2025, 8:18 pm

തിരുവനന്തപുരം: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കര്‍മപദ്ധതി രൂപീകരിച്ച് വനം വകുപ്പ്. വനം വകുപ്പ് ആസ്ഥാനത്ത് നടന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.

എല്ലാ ഫോറസ്റ്റ് ഡിവിഷനുകളിലും ആനത്താരകള്‍ നിര്‍മിക്കുമെന്നും വന്യമൃഗങ്ങളുടെ എല്ലാ സഞ്ചാരപാതകളും നിരീക്ഷിക്കുമെന്നുമുള്‍പ്പെടെ പത്ത് പദ്ധതികളാണ് രൂപീകരിച്ചിരിക്കുന്നത്.

എല്ലാ ഫോറസ്റ്റ് ഡിവിഷനുകളിലും ആനത്താരകള്‍ നിര്‍മിക്കും, വന്യമൃഗങ്ങളുടെ എല്ലാ സഞ്ചാരപാതകളും നിരീക്ഷിക്കും, വന്യജീവി സംഘര്‍ഷ മേഖലയില്‍ സന്നദ്ധ പ്രതികരണ സേന ഉണ്ടാക്കും, ഗോത്ര സമൂഹത്തിന്റെ അറിവ് പ്രയോജനപ്പെടുത്തും, വന്യമൃഗങ്ങള്‍ക്ക് വനത്തില്‍ ജലവും ഭക്ഷണവും ഉറപ്പാക്കും, വന്യമൃഗങ്ങളുടെ സ്വഭാവമാറ്റങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി, വനാതിര്‍ത്തികളില്‍ സൗരോര്‍ജ വേലികള്‍ സ്ഥാപിക്കും, വനമേഖലയിലെ റോഡുകള്‍ക്ക് ഇരുവശവുമുള്ള അടിക്കാടുകള്‍ നീക്കം ചെയ്യും, യാത്ര ചെയ്യുന്നവര്‍ക്ക് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും തുടങ്ങിയവയാണ് കര്‍മപദ്ധതിയിലെ മിഷനുകള്‍.

ഇന്നടക്കം സംസ്ഥാനത്ത് ഇതോടെ 72 മണിക്കൂറിനുള്ളില്‍ മൂന്ന് ജീവനുകളാണ് കാട്ടാന എടുത്തത്. ഇതിന് പിന്നാലെയാണ് വീണ്ടും മാര്‍ഗനിര്‍ദേശങ്ങള്‍ വനംവകുപ്ല് രൂപീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ മാത്രം വന്യജീവി ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. 2014 മുതല്‍ 2024 വരെയുള്ള കണക്ക് പ്രകാരമാണിത്. ഈ കാലയളവില്‍ 58ഓളം പേര്‍ക്ക് വന്യജീവി ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlight: Wildlife attacks; The Forest Department has formed an action plan