മലയോര സെറ്റില്‍മെന്റുകളില്‍ വന്യജീവി ശല്യം രൂക്ഷം; ഊരുനിവാസികളോട് വനംവകുപ്പിന്റെ അവഗണന തുടരുന്നു
Dalit Life and Struggle
മലയോര സെറ്റില്‍മെന്റുകളില്‍ വന്യജീവി ശല്യം രൂക്ഷം; ഊരുനിവാസികളോട് വനംവകുപ്പിന്റെ അവഗണന തുടരുന്നു
ഗോപിക
Friday, 8th June 2018, 5:11 pm

മലയോരമേഖലകളിലെ ഉള്‍പ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന വിഭാഗങ്ങളുടെ ജീവിതം ഇപ്പോള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തെ ഭയന്ന്. സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായിട്ടും നടപടിയെടുക്കാതെ വനം വകുപ്പ് അധികൃതര്‍. വന്യ ജീവികളുടെ ശല്യം രൂക്ഷമായതോടെ രാത്രികാലങ്ങളില്‍ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഈ മേഖലകളിലുള്ളവര്‍.

തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയായ കുറ്റിച്ചല്‍ പഞ്ചായത്തില്‍പ്പെടുന്ന പ്രദേശങ്ങളിലാണ്
കാട്ടാനയുടെയും കാട്ടുപോത്തിന്റെയും ശല്യം വ്യാപകമായതോടെ ഊരുകളിലെ ജനങ്ങള്‍ പ്രതിഷേധവും പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള സുരക്ഷാ നടപടികളും ഉണ്ടാകുന്നില്ലയെന്നതാണ് ഊരുകളിലെ പ്രധാന പരാതി.

ഉള്‍വനങ്ങളില്‍ നിന്ന് നേരത്തേ കാട്ടാന ശല്യം ഉണ്ടായിരുന്നു. എന്നാല്‍ രാത്രിയില്‍ വല്ലപ്പോഴുമൊക്കെയാണ് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിരുന്നത്. ഈയിടെയായി പകലും കാട്ടാനക്കൂട്ടങ്ങളും കാട്ടു പോത്തുകളും വ്യാപകമായി ഊരുകളിലേക്ക് എത്തുന്നുണ്ട്. ഇവയുടെ ആക്രമണത്തില്‍ വ്യാപകമായി കൃഷിനാശവും ഊരുകളിലുണ്ടാകുന്നതായി ഊരുനിവാസികള്‍ പറഞ്ഞു.

അഗസ്ത്യ വനത്തിനുള്ളിലെ പേപ്പാറ ഭാഗത്തെ ഉള്‍വനങ്ങളിലെ സെറ്റില്‍മെന്റുകളിലാണ് കൂടുതലായി വന്യമൃഗങ്ങളുടെ ശല്യമുണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഊരിലെ അന്തേവാസിയായ നാരായണന്റെ വീട് പൂര്‍ണ്ണമായും കാട്ടാന ആക്രമണത്തില്‍ തകര്‍ന്നിരുന്നു.


ALSO READ: സംരക്ഷിതവനം സ്വകാര്യഭൂമിയാകുന്ന വിധം; ഒരു പൊന്തന്‍പുഴ മാതൃക


ഈ ഊരുകളിലെ കൃഷി നശിച്ചതിനെതിരെ പരാതി വ്യാപകമായിരിക്കുകയാണ്. മൂന്നൂറിലധികം വാഴകളും തെങ്ങുകളും വനൃജീവികളുടെ ആക്രമണത്തില്‍ നശിച്ചിരിക്കുകയാണ്. ആനകള്‍ കൂട്ടമായാണ് ഊരുകളിലേക്ക് എത്തുന്നത്. ഭയം കാരണം രാത്രിയും പകലും ഒരുപോലെ ആക്രമണഭീതിയിലാണ് ഈ ഊരിലെ ജനങ്ങള്‍.

സാധാരണയായി കാട്ടുമൃഗങ്ങള്‍ എത്തുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാല്‍ ഇപ്പോള്‍ മഴക്കാലമായതോടെയാണ് മൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നത്. കാട്ടാന ശല്യത്തില്‍ കുറ്റിച്ചലിലെ ഊരുകളിലെ പല വീടുകളും തകര്‍ന്ന നിലയിലായിരുന്നു.

വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ പ്രദേശങ്ങളില്‍ ഇടപെടാനും കൃത്യമായ നടപടിയെടുത്ത് ഊരുകളിലെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാനും ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നില്ലെന്നാണ് ഊരുനിവാസികളുടെ പ്രധാന പരാതി. ആന ശല്യത്തോടൊപ്പം ഈ ഭാഗങ്ങളില്‍ പുലിയുടെ ആക്രമണവും കൂടിയിരിക്കുകയാണ്.

ഊരിലെ വളര്‍ത്തു മൃഗങ്ങള്‍ വ്യാപകമായി അപ്രത്യക്ഷമാകുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഇവിടെ പുലികള്‍ ആക്രമണം നടത്തുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. പിന്നീട് ആട്, പട്ടി, തുടങ്ങി വളര്‍ത്തു മൃഗങ്ങളുടെ ജഡങ്ങള്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തിയതോടെയാണ് പുലികള്‍ ഊരുകളിലെത്തുന്നതായി ഇവര്‍ മനസ്സിലാക്കി തുടങ്ങിയത്. പിന്നീട് പലപ്പോഴും രാത്രി കാലങ്ങളിലും പുലികളുടെ ആക്രമണം ഊരുകളില്‍ ഉണ്ടായിരുന്നതായും ഊരു നിവാസികള്‍ പറയുന്നു.

ഇത്തരത്തില്‍ ജീവന് ഭീഷണിയുയര്‍ത്തുന്ന രീതിയില്‍ വന്യമൃഗങ്ങളുടെ ആക്രമണം ഉയര്‍ന്ന സാഹചര്യത്തില്‍ വനം വകുപ്പ് അധികൃതര്‍ മൗനം പാലിക്കുകയാണെന്നാണ് വ്യാപക പരാതി. വനത്തിനുള്ളില്‍ നിരന്തര പരിശോധനകള്‍ നടത്താന്‍ വനം വകുപ്പ് താല്പര്യം കാണിക്കുന്നില്ലെന്നും ഊരുനിവാസികള്‍ പരാതിപ്പെടുന്നു.

ഉള്‍വനങ്ങളിലാണ് ഈ ആദിവാസി ഊരുകള്‍ സ്ഥിതി ചെയ്യുന്നത്. ഏകദേശം 15 കിലോമീറ്ററോളം ഉള്‍വനത്തില്‍ കൂടി യാത്ര ചെയ്താല്‍ മാത്രമേ ഈ പറയുന്ന ഊരുനിവാസികളിലേക്ക് എത്താന്‍ കഴിയുകയുള്ളു. ഇതിനു കാരണമായി വനം വകുപ്പില്‍ നിന്ന് ലഭിക്കുന്ന മറുപടി ഇതാണ്. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മയാണ് തങ്ങളുടെ ജീവിതം ഇപ്പോള്‍ ദുരിതത്തിലാക്കിയിരിക്കുന്നതെന്നാണ് ഊരു നിവാസികളുടെ പ്രധാന പരാതി. മഴ ശക്തി പ്രാപിച്ചതോടെ ഊരുകളില്‍ നിന്ന് പുറത്തേക്കെത്താനുള്ള പാത തകരാറിലായ അവസ്ഥയിലാണ്. അതു കുടാതെ വൈല്‍ഡ് ലൈഫ് ഏരിയ ആയതിനാല്‍ ഈ പ്രദേശങ്ങളിലേക്ക് സ്ഥിര സന്ദര്‍ശനം നടത്താന്‍ കഴിയില്ലെന്ന നിലപാടാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.


ALSO READ: നിങ്ങളുടെ ഫേസ്ബുക്ക് കുത്തിപ്പൊക്കലുകളില്‍ മുങ്ങി പോകുന്ന നിപാ ജാഗ്രതാ സന്ദേശങ്ങള്‍


അധികൃതരുടെ അനാസ്ഥയാണ് ഈ ഊരുകളിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുന്നതെന്നാണ് പ്രതിഷേധം നടത്തുന്നവര്‍ പറയുന്നു. ഇതിനെതിരെ ഊരുനിവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്കും വനം വകുപ്പിനും പരാതികള്‍ നല്‍കിയെങ്കിലും ഇതുവരെയും പരിഹാരം ഉണ്ടായിട്ടില്ലെന്നും അവഗണന തുടരുകയാണെന്നുമാണ് ഊരു നിവാസികള്‍ പറയുന്നത്.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.