| Thursday, 9th January 2025, 12:51 pm

ലോസ് ആഞ്ചലസിലെ കാട്ടുതീ; അഞ്ച് മരണം; ആയിരത്തിലധികം കെട്ടിടങ്ങള്‍ കത്തി നശിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ലോസ് ആഞ്ചലസ് പസഫിക് പാലിസേഡ്‌സിലാണ് കാട്ടുതീ പടര്‍ന്നു പിടിച്ചത്.

കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് ഏകദേശം 3,000ത്തിലധികം പേരെ പ്രദേശത്ത് നിന്ന് അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. ചൊവ്വാഴ്ച്ച രാവിലെയാണ് കാട്ടുതീ പടര്‍ന്ന് പിടിക്കാന്‍ ആംഭിച്ചത്.

തീയണയ്ക്കാന്‍ 1,400ലധികം അഗ്‌നിശമന സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പറഞ്ഞു. ഇതിന് പുറമെ ലോസ് ആഞ്ചലസ് അഗ്നിശമന സേന യൂണിറ്റിലെ അവധിയില്‍ പോയ  സേനാംഗങ്ങളോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അയല്‍ സംസ്ഥാമായ ഒറിഗണില്‍ നിന്ന് 240 അഗ്നിശമന സേനാംഗങ്ങളും 60 എഞ്ചിനുകളും സഹായത്തിനായി എത്തിയിട്ടുണ്ട്.

ഏകദേശം 52 ബില്യണ്‍ ഡോളര്‍ മുതല്‍ 57 ബില്യണ്‍ ഡോളര്‍ വരെയുള്ള നാശനഷ്ടങ്ങള്‍ അഗ്നിബാധയെ തുടര്‍ന്നുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹോളിവുഡിലെ നിരവധി സെലിബ്രിറ്റികളുടെ വീടുകള്‍ അഗ്നിക്കിരയായതായും റിപ്പോര്‍ട്ടുകളുണ്ട്.

ഹോളിവുഡ് താരങ്ങളായ മാര്‍ക്ക് ഹാമില്‍, മാന്‍ഡി മൂര്‍, ജെയിംസ് വുഡ്‌സ് എന്നിവര്‍ അഗ്നിബാധയെത്തുടര്‍ന്ന് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തവരില്‍ ഉള്‍പ്പെടും. ദക്ഷിണ കാലിഫോര്‍ണിയയില്‍ 3,15,000 വീടുകളില്‍ വൈദ്യുതി തടസപ്പെടുകയും ചെയ്തിട്ടുണ്ട്.

ലോസ് ആഞ്ചലസിലെ പത്ത് ഏക്കറിലുണ്ടായ കാട്ടുതീ പിന്നീട് 3,000 ഏക്കറിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. പ്രദേശത്തെ ശക്തമായ കാറ്റും തീ വേഗത്തില്‍ ആളിപ്പടരാന്‍ കാരണമായി.

കാട്ടുതീയെത്തുടര്‍ന്ന് എല്‍.എയില്‍ ഞായറാഴ്ച നടത്തേണ്ടിയിരുന്ന ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡുകള്‍ ജനുവരി 26ലേക്ക് മാറ്റിവെച്ചു. പസഫിക് പാലിസേഡിനടുത്തുള്ള സാന്റാ മോണിക്കയിലെ ബാര്‍ക്കര്‍ ഹാംഗറില്‍ വെച്ചാണ് പരിപാടി നടക്കേണ്ടിയിരുന്നത്. ഓസ്‌കാര്‍ അവാര്‍ഡിനായുള്ള വോട്ടിങ്ങും നോമിനേഷന്‍ പ്രഖ്യാപനവും നീട്ടിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Wildfires in Los Angeles; five deaths; More than a thousand buildings were destroyed

We use cookies to give you the best possible experience. Learn more