ആറളം: കണ്ണൂര്‍ ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. വെള്ളി, ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫാമില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ഇന്ന് (ഞായര്‍) വൈകുന്നേരത്തോടെയാണ് സംഭവം. കണ്ണൂരിലെ ആദിവാസികളുടെ പുനരധിവാസ മേഖലയാണ് ആറളം.
ഫാമിലെ ബ്ലോക്ക് പതിമൂന്നില്‍ നിന്നാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം.
എന്നാല്‍ കാട്ടാനയുടെ ആക്രമണത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മൃതദേഹങ്ങള്‍ ആന ചവിട്ടിമെതിച്ച നിലയിലാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേലായുധന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനവാസ മേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായതെന്ന് എം.എല്‍.എ സണ്ണി ജോസഫും പറഞ്ഞു.
കണ്ണൂരിൽ ആദിവാസികളുടെ പുനരധിവാസ മേഖലയുടെ സമീപത്തായാണ് ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് തുടര്‍ച്ചയായി ജനവാസ മേഖലയിലേക്ക് ആനകള്‍ ഇറങ്ങാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ജനവാസ മേഖലയിലേക്കെത്തുന്ന ആനകളെ തടയാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
2025 ജനുവരിയില്‍ മാത്രമായി നാല് പേരാണ് സംസ്ഥാനത്തുടനീളം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇടുക്കിയിലും വയനാട്ടിലെ നൂല്‍പ്പുഴ, അട്ടമല എന്നിവിടങ്ങളിലും തൃശൂരിലുമാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരണങ്ങളുണ്ടായത്.
തൃശൂരില്‍ ഉത്സവത്തിനെത്തിച്ച ആന കുത്തിയും ഒരാള്‍ മരിച്ചിരുന്നു.
Content Highlight: wilde elephant attack again in the state; Tragic end for tribal couple in Kannur