| Saturday, 28th May 2022, 11:19 am

തിരുവമ്പാടിയില്‍ പന്ത്രണ്ടുകാരന് നേരെ കാട്ടുപന്നി ആക്രമണം; പന്നിയെ വനപാലകര്‍ വെടിവെച്ച് കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തിരുവമ്പാടി ചേപ്പിലങ്ങോടില്‍ 12 വയസുകാരന് നേരെ കാട്ടുപന്നിയുടെ ആക്രമണം. സൈക്കിളില്‍ പോകവെയായിരുന്നു കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത്.

ഇരുകാലിലും കാട്ടുപന്നിയുടെ കുത്തേറ്റ് സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സനൂപിന്റെ മകന്‍ അദ്‌നാന് നേരെയാണ് പന്നിയുടെ ആക്രമണമുണ്ടായത്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.

വീട്ടില്‍ നിന്ന് സൈക്കിളില്‍ പുറത്തേക്കിറങ്ങവെയായിരുന്നു പന്നി ആക്രമിച്ചത്. കാലിന് 12 സ്റ്റിച്ചുകള്‍ ഇട്ടിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ നാട്ടുകാരും പ്രദേശവാസികളുമെത്തി പന്നിക്ക് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. പന്നിയെ കണ്ടെത്തിയ ശേഷം താമരശ്ശേരി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പന്നിയെ വെടിവെച്ച് കൊന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കാട്ടുപന്നിയുടേത് പോലുള്ള വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വെടിവെച്ച് കൊല്ലാനുള്ള അനുമതി നല്‍കണമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് സംഭവം.

Content Highlight: Wild pig attack against boy in Kozhikode Thiruvambadi

We use cookies to give you the best possible experience. Learn more