സഞ്ചാരികള്‍ കാഴ്ചയുടെ കുളിരു തേടി എത്തുന്ന ഇടമാണ് വയനാട്. പൂക്കോട് തടാകവും ബാണാസുരയും കുറുവാദ്വീപും എല്ലാം കാണുന്നതിനൊപ്പം വയനാട്ടില്‍ കണ്ടിരിക്കേണ്ട ഇടമാണ് തൊള്ളായിരം കണ്ടി.
കാടിന്റെ എല്ലാ സൗന്ദര്യവും പൂര്‍ണ്ണമായി അടുത്തറിഞ്ഞ് വയനാട്ടില്‍ നിന്നും തിരിച്ച് പോകണമെങ്കില്‍ തൊള്ളായിരം കണ്ടിയുടെ ഉച്ചിയില്‍ കയറി നില്‍ക്കണം. വനവിഭവങ്ങളും നിരവധി വന്യജീവികളും അനവധിയാണ് ഇവിടെ. നല്ല തണുപ്പും പച്ചയും നീലയും കലര്‍ന്ന കാഴ്ചകളും എല്ലാം 900 കണ്ടിയെ ഏറ്റവും മനോഹരമാക്കുന്നു.
കല്‍പ്പറ്റയില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയായിട്ടാണ് 900 കണ്ടി സ്ഥിതി ചെയ്യുന്നത്. ബൈക്കോ ജീപ്പോ യാത്രയ്ക്കായി ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം. ഇരുവശങ്ങളിലും ഇടതൂര്‍ന്ന വനമാണ്. സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇവിടേയ്ക്ക് വരാന്‍. കാട്ടാനകളടക്കമുള്ള വന്യജീവികള്‍ യഥേഷ്ടം വിഹരിക്കുന്ന ഇടമാണിത്. കൂടാതെ അട്ടശല്യവും നന്നായിട്ടുണ്ട്.
900 ഏക്കര്‍ സ്ഥലം എന്നതില്‍ നിന്നാണ് തൊള്ളായിരം കണ്ടി എന്ന പേര് വന്നിരിക്കുന്നത്. ഈ സ്ഥലം മുഴുവന്‍ സ്വകാര്യ ഉടമസ്ഥതയിലാണുള്ളത്. ഏലവും കാപ്പിയും വിളയുന്ന തോട്ടങ്ങളും ഇവിടെ ധാരാളമായുണ്ട്. നീര്‍ച്ചാലുകളാണ് മറ്റൊരു പ്രത്യേകത. കാട്ടരുവികളുടെ മര്‍മ്മരം പകരുന്ന സന്തോഷം വേറെ തന്നെയാണ്. കിളികളും ചെറിയ കലമ്പലും കാട്ടരുവികളും കൂടെ ഒരു വെള്ളച്ചാട്ടവും. പ്രകൃതിയില്‍ ലയിച്ച് കുറച്ചു നേരമിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊക്കെത്തന്നെ ധാരാളം.
മുന്നോട്ട് പോകുന്തോറും പ്രകതിയ്ക്ക് ഭംഗി കൂടി വരുന്നതായി തോന്നും. മലകള്‍ക്കിടയിലൂടെ അരുവി ഒഴുകുന്നത് കണ്ട് നിരല്‍ക്കാന്‍ വ്യൂ പോയന്റ്. വിജനമായ അനേകായിരം ഏക്കര്‍ ഭൂപ്രകൃതിയിലേയ്ക്ക് കണ്ണുംനട്ടിരിക്കാന്‍ ഇവിടെ സാധിക്കുന്നു.
പാടങ്ങളും കുന്നും മലയും അതിനുമിടയ്ക്ക് ചെറിയ പാര്‍പ്പിടങ്ങളും ഒക്കെ കണ്ട് സ്വസ്ഥമായി ഇരിക്കാന്‍ സാധിക്കുന്നു.രാത്രി കാട് ഏറെ അപകടകാരിയാണ് . അതിനാല്‍, ഇരുട്ടുന്നതിന് മുന്‍പേ തിരിച്ചെറങ്ങാന്‍ സാധിക്കുന്ന തരത്തില്‍ വേണം ഇവിടേയ്ക്ക് എത്താന്‍. വളരെ മോശം വഴി ആയതിനാല്‍ അപകട സാധ്യതയും വളരെക്കൂടുതലാണ്.