തിരുവനന്തപുരം: കുറ്റിച്ചല്‍ ആദിവാസി സെറ്റില്‍മെന്റുകളില്‍ വന്യമൃഗശല്യം വര്‍ധിക്കുന്നു.പുലി, ആന എന്നിവയുടെ ശല്യം രാത്രികാലങ്ങളില്‍ രൂക്ഷമായതായി പ്രദേശവാസികള്‍ പറയുന്നു.
അഗസ്ത്യ വനത്തിനടുത്തുള്ള പേപ്പാറ ആദിവാസി സെറ്റില്‍മെന്റിലെ ചില വീടുകള്‍ കഴിഞ്ഞ ദിവസം കാട്ടാനകളുടെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. അതോടൊപ്പം തന്നെ ആദിവാസി ഊരുകളിലെ കൃഷികളും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ തകര്‍ന്നതായി പരാതികള്‍ ഉയരുന്നുണ്ട്.
മഴക്കാലമായതിനാല്‍ കാട്ടാന ശല്യം വ്യാപകമാകുന്നുവെന്നും കൃഷി നാശങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. രാത്രി കാലങ്ങളിലായിരുന്നു കൂടുതല്‍ കാട്ടാനശല്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പകലും മൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുകയാണെന്നാണ് പരാതി.
അതേസമയം നെയ്യാര്‍ റേഞ്ചിലെ പലഭാഗങ്ങളിലും പുലി ശല്യം രൂക്ഷമായിക്കൊണ്ടിരിക്കയാണ്. വളര്‍ത്തു മൃഗങ്ങളടക്കമുള്ളവ അപ്രത്യക്ഷമായ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തിയത്.
ഉള്‍വനങ്ങളിലെ ആദിവാസി സെറ്റില്‍മെന്റുകളിലാണ് കൂടുതലായും വന്യമൃഗ ശല്യം രൂക്ഷമാകുന്നത്. അതേസമയം ഈ പ്രദേശങ്ങള്‍ വൈല്‍ഡ് ലൈഫ് ഏരിയയുടെ ഭാഗമാണെന്നാണ് വനം അധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ തങ്ങളെ അവഗണിക്കുന്നതിനെതിരെ ഈ മേഖലകളിലെ ആദിവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.